ചിറക്കടവില്‍ ആര്‍എസ്എസ് ആക്രമണം: പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് ഭീതിയിലായ ചിറക്കടവിലും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
കോട്ടയം ജില്ലയിലെ ചിറക്കടവ് പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ സമാധാനാന്തരീക്ഷം തടസ്സപ്പെടുന്ന രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 14ന് ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചുചേര്‍ത്തിരുന്നു.
പ്രദേശത്ത് സമാധാനം ഉറപ്പുവരുത്തുന്നതിന് ജൂണ്‍ 12 മുതല്‍ 14 ദിവസത്തേയ്ക്ക് ചിറക്കടവ് പഞ്ചായത്ത് പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.

നിരോധനാജ്ഞ നിലനില്‍ക്കവെ സമാധാന യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എം പ്രവര്‍ത്തകനായ രവിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അക്രമ സംഭവങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. ചിറക്കടവും പരിസര പ്രദേശങ്ങളിലും ആവശ്യമായ പോലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ പട്രോളിങ്ങ് ടീമുകളും സ്ട്രൈക്കര്‍ പാര്‍ട്ടികളും 24 മണിക്കൂറും ശക്തമായ പട്രോളിങ്ങ് നടത്തിവരുന്നുണ്ടെന്നും ഡോ. എന്‍ ജയരാജ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞു.

