KOYILANDY DIARY.COM

The Perfect News Portal

ചിന്നക്കനാല്‍-നടുപ്പാറ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ഇടുക്കി: ചിന്നക്കനാല്‍-നടുപ്പാറ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. രാജകുമാരി- കുളപ്പറച്ചാല്‍ സ്വദേശി ബോബിനെ മധുരയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂയത്. ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന റിഥം ഓഫ് മൈന്‍ഡ്‌സ് റിസോര്‍ട്ടിന്റെ ഉടമ രാജേഷ് എന്ന് വിളിക്കുന്ന ജേക്കബ് വര്‍ഗീസിനെയും സഹായി മുത്തയ്യയെയും കൊലപ്പെടുത്തിയ കേസിലാണ് നിര്‍ണായക അറസ്റ്റ്. ഒളിവില്‍ കഴിയുകയായിരുന്ന ബോബിനെ മധുരയില്‍ നിന്നാണ് പിടികൂടിയത്.

വ്യാഴാഴ്ച രാത്രി 10.30 ഓടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച്‌ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. പ്രതിയെ രഹസ്യ കേന്ദ്രത്തിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യും. അതിനിടെ, രാജേഷ് കൊല്ലപ്പെട്ടത് വെടിയേറ്റല്ലെന്നും ആഴത്തിലുള്ള കുത്തേറ്റാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുത്തിന്റെ ശക്തിയില്‍ ആയുധം ശരീരത്തിന്റെ പിന്‍ ഭാഗത്തും മുറിവേല്‍പ്പിച്ചിരുന്നതാണ് മരണം വെടിയേറ്റാകാം എന്ന സംശയത്തിന് ഇടയാക്കിയത്.

മുത്തയ്യയുടെ മരണ കാരണം മര്‍ദ്ദനമേറ്റതാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനിടെ മുറിവേറ്റ ബോബിന്‍ രണ്ട് ആശുപത്രികളില്‍ ചികില്‍സ തേടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവ ശേഷം പ്രതി വില്‍പന നടത്തിയ 100 കിലോയിലധികം ഏലം പൊലീസ് കണ്ടെടുത്തു.

Advertisements

ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി പ്രതിയുമായി ശനിയാഴ്ച തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ചയാണ് രാജേഷിനെയും മുത്തയ്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബോബിനെ ഒളിവില്‍ കഴിയാനും ഇടുക്കിയില്‍ നിന്ന് രക്ഷപ്പെടാനും സഹായിച്ച ദമ്ബതികളായ ഇസ്രവേല്‍, കപില എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ശാന്തന്‍പാറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *