ഗുരുവിന് 103: പിറന്നാൾ ആഘോഷത്തിനൊരുങ്ങി ചേലിയ

കൊയിലാണ്ടി: ആട്ടവിളക്കിന് മുമ്പിൽ ആടിത്തളരാത്ത നടന കൗതുകത്തിന്റെ ആൾരൂപമായി കലാകേരളം നെഞ്ചേറ്റിയ നാട്യഗുരുവിന് നാളെ നൂറ്റിമൂന്നാം പിറന്നാൾ. ജന്മനാടായ ചേലിയ ഗ്രാമം ഗരുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണിപ്പോൾ. കലാ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സംഗമവേദിയായി നാളെ ചേലിയ ഗ്രാമത്തിലെ രാഷ്ട്രീയ-സാംസ്കാരിക കേന്ദ്രങ്ങൾ മാറും.
എട്ടരപ്പതിറ്റാണ്ട് കാലത്തെ നടന സപര്യയിലൂടെ കഥകളിയെന്ന കലാരൂപത്തെ ജനകീയവൽക്കരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 15-ാം വയസ്സിലാണ് കഥകളി രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗുരുവായിരുന്ന കരുണാകരമേനോന്റെ ശിക്ഷണത്തിൽ ദുര്യോദനവധം ആട്ടക്കഥയിലെ പാഞ്ചാലിയുടെ വേഷത്തിലായിരുന്നു രംഗ പ്രവേശം. 95-ാം പിറന്നാൾ ദിനത്തിൽ ആട്ടവി ളക്കിന് മുന്നിൽ ഇഷ്ടവേഷമായ കൃഷ്ണനായി അരങ്ങിലെത്തിയ ഗുരുവിന്റെ 100-ാം പിറന്നാൾ ചേലിയ ഗ്രാമം ആഘോഷിച്ചത് ധന്യം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെയായിരുന്നു.

101-ാം പിറന്നാൾ ആഘോഷത്തോടെ ചേലിയ ഗ്രാമം സമ്പൂർണ്ണ കഥകളി സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടു. പതിനഞ്ചാം വയസ്സിന് ശേഷം ഒട്ടനവധി കഥകളി അരങ്ങുകളിലൂടെ ഗുരു തന്റെ നടനയാത്ര തുടർന്നു. ഇടക്കാലത്ത് കഥകളിയോഗങ്ങൾക്കുണ്ടായ അപചയം ഗുരുവിനെ നൃത്തരംഗത്തേക്കാകർഷിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മായാത്ത വ്യക്തിത്വമായ കൗമുദി ടീച്ചറായിരുന്നു ഇതിന് പ്രേരണയായത്.ഇതിനിടെ ഭരതനാട്യത്തിലും പരിശീലനം നേടി.

വടക്കൻ ചിട്ടയിൽ കഥകളിയും നൃത്തവും അഭ്യസിപ്പിച്ചു കൊണ്ടുള്ള ഗുരുവിന്റെ പ്രയാണത്തിനിടെയാണ് 1945ൽ തലശ്ശേരിയിൽ ഭാരതീയനാട്യ കലാലയം, 1977-ൽ പുക്കാട് കലാലയം, തുടങ്ങിയ നാട്യ കലാ സ്ഥാപനങ്ങൾക്ക് തുടക്കം കറിച്ചത്. 1983-ൽ ചേലിയ കഥകളി വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1979_ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1999 ൽ അക്കാദമി ഫെലോഷിപ്പ്, 2001-ൽ കലാമണ്ഡലം നാട്യ രത്നം അവാർഡ്, 2002-ൽ കേരള കലാ ദർപ്പണം അവാർഡ്, പാഞ്ചജന്യം അവാർഡ്, മയിൽപ്പീലി അവാർഡ്, തിരുവനന്തരം ശ്റേഷ്ഠകലാ പുരസ്കാരം, മലബാർ സുകമാരൻ ഭാഗവതർ അവാർഡ്, കേരള കലാമണ്ഡലം കലാരത്നം അവാർഡ്, 20I2-ൽ ടാഗോർ പുരസ്കാരം, 2013-ൽ ആലുവ ബാലസാംസ്കാരിക കേന്ദ്രം ജന്മാഷ്ടമി പുരസ്കാരം തുടങ്ങിയ നിരവധി ബഹുമതികൾ ഗുരുവിനെ തേടിയെത്തി. 2017-ലാണ് ഗുരുവിന് പത്മശ്രീ പുരസ്കാരം ലഭിച്ചത്.

ഗുരുകുല വിദ്യാഭ്യാസം മാത്രമുള്ള ഗുരു ചേമഞ്ചേരി 1916 – ജൂൺ 26-ന് മടയൻകണ്ടി ചാത്തുക്കുട്ടി നായരുടേയും കിണറ്റിൻകര കുഞ്ഞുമ്മക്കുട്ടി അമ്മയുടേയും മകനായാണ് ജനിച്ചത്. മകൻ: ബാബു എന്ന പവിത്രൻ.
