KOYILANDY DIARY.COM

The Perfect News Portal

ഗവര്‍ണര്‍ക്കെതിരായ പരസ്യ വിമര്‍ശനം ഭരണഘടനാ വിരുദ്ധം: പി. ജെ. കുര്യൻ

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പരസ്യ വിമര്‍ശനം ഭരണഘടനാ വിരുദ്ധമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്‍.പാര്‍ലമെന്റില്‍ പോലും ഗവര്‍ണറെ വിമര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന്‌ കുര്യൻ പറഞ്ഞു.

ഗവര്‍ണറെയോ പ്രസിഡന്റിനേയോ വിമര്‍ശിക്കണമെങ്കില്‍ അതിന് പ്രത്യേകം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി അനുവാദം വാങ്ങണം. ഒരു പാര്‍ലമെന്റ് അംഗത്തിന് ഗവര്‍ണറെ പാര്‍ലമെന്റില്‍ പോലും വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവ ഗവര്‍ണറെ രാജ്യസഭയില്‍ വിമര്‍ശിക്കാന്‍ ഒരു അംഗം ശ്രമിച്ചപ്പോള്‍ അതിന് പ്രത്യേകം അനുമതി വാങ്ങണമെന്നുള്ള തന്റെ റൂളിംഗ് സ്മരിച്ചു കൊണ്ടാണ് പിജെ കുര്യന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പരാതികളില്‍ നടപടി സ്വീകരിക്കണമെന്ന് ഒരു ഗവര്‍ണര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത് സ്വാഭാവിക നടപടി മാത്രമാണ്. എന്നാല്‍ അത് സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടലാണെന്ന് വിശദീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisements

കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ശോഭ സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ രാജിവെച്ച് ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം പരാതികള്‍ നല്‍കിയിട്ടും യാതൊരു നീക്കവും ഗവര്‍ണര്‍ നടത്തിയിട്ടില്ല, പദവിയോടു ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

കണ്ണൂരിലെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഗവര്‍ണറുടെ സവിശേഷ അധികാരം ഉപയോഗിച്ച് കണ്ണൂരില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണം തുടങ്ങിയ കടുത്ത നടപടികളാണ് അവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. ഈ നിവേദനം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ ഈ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും രംഗത്തെത്തിയിരുന്നു. അതേസമയം ഗവര്‍ണര്‍ക്കെതിരെയുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയെ തളളി മുതിര്‍ന്ന നേതാവ ഒ രാജഗോപാലും രംഗത്തെത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *