കോഴിക്കോട് – വയനാട് ദേശീയപാതയില്‍ വന്മരത്തിന്റെ ശിഖരം പൊട്ടി വീണതിനെത്തുടര്‍ന്ന് ഗതാഗതം മുടങ്ങി

താമരശ്ശേരി: ചുരം ഒന്നാം വളവിനു മുകളില്‍ വന്മരത്തിന്റെ ശിഖരം പൊട്ടി വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം കോഴിക്കോട് – വയനാട് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചുരത്തില്‍ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന സമയമായിരുന്നു. താമരശ്ശേരിയില്‍നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്കുപോയ താമരശ്ശേരി അല്‍ഫോന്‍സാ സ്കൂള്‍വിദ്യാര്‍ഥികള്‍ മടങ്ങിവരികയായിരുന്ന ബസിനു മുമ്പിലേക്കാണ് വലിയ മരക്കൊമ്പ് പൊട്ടിവീണത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മരക്കൊമ്പ്
ബസിനുമുകളില്‍ പതിക്കാതെ രക്ഷപ്പെട്ടത്.
റോഡിനുകുറുകെ മരക്കൊമ്പ് വീണുകിടന്നതിനാല്‍ വാഹന ഗതാഗതം പൂര്‍ണമായും മുടങ്ങി. നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. താമരശ്ശേരിയില്‍നിന്ന് പോലീസ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരക്കൊമ്പ് മുറിച്ചുമാറ്റി ആറുമണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

