കോഴിക്കോട് മിഠായിത്തെരു ഖാദി ഗ്രാമോദ്യോഗ് എംബേറിയത്തില് ഖാദി ഉല്‍പ്പന്നങ്ങളുടെ സംസ്ഥാന പ്രദര്‍ശനവും വില്‍പ്പനയും

കോഴിക്കോട്: ഗ്രാമീണ ഖാദി ഉല്‍പ്പന്നങ്ങള്‍ കാണാനും മിതമായ വിലയില്‍ സ്വന്തമാക്കാനുമുള്ള അവസരമൊരുക്കി ഖാദിഗ്രാമോദ്യോഗ്. പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി (പി.എം.ഇ.ജി.പി.) പ്രകാരമുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലാണ് ഖാദി ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ സുവര്ണാവസരങ്ങള് ഒരുക്കിയത്. ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെയും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും കോഴിക്കോട് സര്‍വ്വോദയ സംഘത്തിന്റെ നേതൃത്വത്തിലാണ് മിഠായിത്തെരു ഖാദി ഗ്രാമോദ്യോഗ് എംബേറിയത്തില് ഖാദി ഉല്‍പ്പന്നങ്ങളുടെ സംസ്ഥാന പ്രദര്‍ശനവും വില്‍പ്പനയും ആരംഭിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉല്പാദകര് പങ്കെടുക്കുന്ന മേളയില്‍ അന്‍പതില്‍ അധികം സ്റ്റാളുകളാണ് ഒരുക്കിയത്.ഉല്‍പ്പാദകര്‍ നേരിട്ട് എത്തിക്കുന്നതിനാല്‍ ഇടനിലക്കാരുടെ ചൂഷണമില്ലാതെ മിതമായ വിലക്ക് സാധനങ്ങള്‍ വാങ്ങാം. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും. മേളയുടെ ഭാഗമായി കരകൗശല വസ്തുക്കള്‍ക്കും ഫര്‍ണിച്ചറിനും 10 ശതമാനം പ്രത്യേക കിഴിവും ഉണ്ട്.

പ്രാദേശികമായുള്ള ഉത്പാദന യൂണിറ്റുകള്‍ക്ക് പൂര്‍ണമായും സൗജന്യമായാണ് സ്റ്റാളുകള്‍ ഒരുക്കാന്‍ ഖാദി എംപോറിയം സൗകര്യമൊരുക്കിയിട്ടുള്ളത്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍ നിന്നുള്ള 50 ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്.

കോഴിക്കോടന്‍ ഹല്‍വയുടെ സ്റ്റാളും വേറിട്ട രുചി നല്‍കുന്നതാണ്. വേനല്‍കാലത്ത് ഉപയോഗിക്കാവുന്ന കോട്ടണ്‍ വസ്ത്രമായ മിനിസ്റ്റേഴ്സ് ഖാദിയാണ് മേളയിലെ പ്രധാന താരം. ഇവ ചോദിച്ചുവരുന്നവര് ഏറെയാണ്. നെയ്ത്തും നൂല്‍നൂല്‍പ്പും പരിചയപ്പെടാനുള്ള അവസരവും പ്രദര്‍ശനത്തിലുണ്ട്. മിഴിവാര്‍ന്ന കുപ്പടം സാരിയുടെ നിര്‍മാണ ഘട്ടങ്ങളെല്ലാം നേരിട്ടറിയുന്നതിനുള്ള സൗകര്യത്തോടെയാണ് മേള സജ്ജീകരിച്ചിരിക്കുന്നത്.

ചേമഞ്ചേരി യൂണിറ്റില്‍ നിന്നുള്ള തൊഴിലാളികള്‍ അഞ്ച് ദിവസമെടുത്ത് നെയ്യുന്ന കുപ്പടം സാരിക്ക് റിബേറ്റ് കഴിച്ച് 3750 രൂപയാണ് വില. സാധാരണ ഇത്തരം സാരികള്‍ക്ക് 5000 രൂപയുടെ മുകളിലാണ് വില. 45,000 രൂപയുടെ സെറ്റിയും 35,000 രൂപയുടെ കട്ടിലും ഫര്‍ണിച്ചറില്‍ മികച്ചുനില്‍ക്കുന്നതാണ്. മരത്തില്‍ തീര്‍ത്ത വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും മേളയുടെ മാറ്റു കൂട്ടുന്നുണ്ട്. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചക്ക ഉല്‍പ്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ബാഗുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, ലതര്‍ ഉല്‍പ്പന്നങ്ങള്‍, ഇന്റര്‍ലോക്കുകള്‍, ഹോളോബ്രിക്സുകള്‍ എന്നിവയുടെ വൈവിധ്യ ശേഖരമാണ് മേളയില്‍.
ചണം, ടസര്‍, നിംജാരി, കാന്താവര്‍ക്ക് തുടങ്ങിയ സില്‍ക്ക് സാരികള്‍, ഡുബിന്‍, മഡ്ക്ക മഡ്ക്ക സില്‍ക്ക് ഷര്‍ട്ട് പീസുകള്‍, ചുരിദാറുകള്‍, കൊല്‍ക്കത്ത, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോട്ടണ്‍ സാരികള്‍, കുപ്പടം ദോത്തികള്‍, പ്രകൃതിദത്ത ചായക്കൂട്ടില്‍ നിര്‍മിച്ച കലംകരി റെഡിമെയ്ഡുകള്‍ തുടങ്ങിയവയും വില്പനക്കായെത്തിച്ചിട്ടുണ്ട്. പായസ കൗണ്ടര്‍, ജില്ല വ്യവസായ കേന്ദ്രത്തിന്റെ വായ്പ സഹായ സ്റ്റാള്‍ എന്നിവയും സജ്ജമാണ്. മേളയിലുള്ള സ്റ്റാളുകളില്‍ ഏറ്റവും നല്ല സ്റ്റാളിനു പ്രത്യേക അവാര്‍ഡും നല്‍കും. മേളയുടെ ഭാഗമായി പണരഹിത ഇടപാട് എന്ന വിഷയത്തില്‍ ക്ലാസുകള്‍, യോഗ, പ്രകൃതി ചികിത്സ, പി.എം.ഇ.ജി.പി. ബോധവത്കരണ ക്ലാസുകള്‍ എന്നിവയും നടക്കും.
