KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളിലായി വന്‍ അഗ്നിബാധ

കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളിലായി വന്‍ അഗ്നിബാധ. നൈനാം വളപ്പിലും വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുമാണ് തീപിടിത്തമുണ്ടായത്. നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ രാവിലെ 7.45 ഓടെയാണ് അഗ്നിബാധയുണ്ടായത്. പി.പി സിദ്ധിഖിന്‍റെ പഴയവാഹനം പൊളിക്കുന്ന യാര്‍ഡിനാണ് തീപിടിച്ചത്.
തീ കത്തുന്നതുകണ്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂര്‍ കൊണ്ടാണു തീയണച്ചത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുമെണ്ടന്നാണു പ്രാഥമിക നിഗമനം.

സമീപത്തുള്ളവര്‍ രാവിലെ പഴയസാധനങ്ങള്‍ക്ക് തീയിട്ടിരുന്നു. ഇവിടെ നിന്നും തീപടര്‍ന്നതാകാമെന്നാണ് കരുതുന്നത്. വെസ്റ്റ്ഹില്‍ വ്യവസായ എസ്റ്റേറ്റിലെ ഹവാക്കര്‍ ചെരിപ്പ് നിര്‍മാണ യൂണിറ്റില്‍ ഇന്നലെ ഉച്ചയോടെയാണു തീപടര്‍ന്നത്. വിവിധ നിറങ്ങളിലുള്ള ചെരുപ്പുകളുടെ റബറുകള്‍ നിര്‍മിക്കുന്ന യൂണിറ്റാണിത്.

തൊഴിലാളില്‍ ഭക്ഷണം കഴിക്കുന്നതിനായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. പെല്ലിശേരി പോള്‍ വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടവും അതിനുള്ളിലെ ചെരുപ്പ് നിര്‍മാണ അസംസ്കൃത വസ്തുക്കളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

Advertisements

ബീച്ച്‌, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴു യൂണിറ്റ് ഫയര്‍ഫോഴ്സെത്തി രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. റബറിനും മറ്റു അസംസ്കൃത വസ്തുക്കളിലും തീപടര്‍ന്നതിനെ തുടര്‍ന്നു കിലോമീറ്ററുകളോളം വിസ്തൃതിയില്‍ പുക ഉയര്‍ന്നിരുന്നു. റബറിനും അതിന്‍റെ രാസവസ്തുക്കളിലും പടര്‍ന്ന തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സ് ഏറെ ബുദ്ധിമുട്ടി. വെള്ളമുപയോഗിച്ച്‌ തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിയാത്തതിനാല്‍ പ്രത്യേക രാസവസ്തുക്കള്‍ കലര്‍ത്തിയ വെള്ളമുപയോഗിച്ചാണു തീയണച്ചത്.
നാശനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നു ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു.
ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോണി, നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജ്, നടക്കാവ് സി.ഐ. ടി.കെ. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *