കോഴിക്കോട്ട് 3 കോടിയുടെ മയക്കുമരുന്ന് വേട്ട: ഒരാള്‍ പിടിയില്‍

കോഴിക്കോട്: മൂന്നു കോടി രൂപയുടെ മയക്കുമരുന്നുമായി നഗരത്തിലെ ലോഡ്ജില്‍നിന്ന് യുവാവിനെ പിടികൂടി. കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ പുനക്കല്വീട്ടില് ആഷിക്കിനെ (39)യാണ് വ്യാഴാഴ്ച ഉച്ചയോടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
രാജസ്ഥാനില്‍നിന്ന് കൊണ്ടുവന്ന അഞ്ച് കിലോ കറുപ്പും 70 ഗ്രാം ബ്രൌണ്‍ഷുഗറും പിടിച്ചെടുത്തു. രണ്ടാം ഗേറ്റിനടുത്ത് സെന്‍ട്രല്‍ മത്സ്യമാര്‍ക്കറ്റിനു സമീപത്തെ പ്രസ്റ്റീജ് ലോഡ്ജില്‍ നിന്നാണ് ആഷിക് പിടിയിലായത്. രണ്ടാഴ്ച മുമ്പ് രാജസ്ഥാനില്‍ പോയ ആഷിക് കഴിഞ്ഞ തിങ്കളാഴ്ചയാണ് കോഴിക്കോട്ടെത്തിയത്. മയക്കുമരുന്നിന്റെ മൊത്തവിതരണക്കാരനാണിയാള്. ഏകദേശം നാലു വര്‍ഷത്തോളമായി ഇയാള്‍ ഈ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ടി കെ സുരേഷ് പറഞ്ഞു.

മദ്യലഭ്യത കുറഞ്ഞതോടെ മയക്കുമരുന്നിന്റെ ഉപഭോഗം കൂടുമെന്നതിനാല്‍ നിരീക്ഷണത്തിന് എക്സൈസ് ഇന്‍സ്പെക്ടര്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഘത്തിലെ പ്രധാന കണ്ണി പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്സൈസിന്റെ അറസ്റ്റ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തന്ത്രപരമായി ഉപയോഗിച്ച് അവരുടെ വിശ്വാസം നേടിയെടുത്തായിരുന്നു നീക്കം. മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു.

