കോരപ്പുഴ പാലത്തിന് കേളപ്പജി പാലം എന്ന് പേരിട്ട് ഉപ്പുസത്യഗ്രഹ സ്മൃതി യാത്ര

കോഴിക്കോട്: കോരപ്പുഴ പാലത്തിന് കേളപ്പജി പാലം എന്ന് പേരിട്ട് കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതി യാത്രയുടെ രണ്ടാം ദിവസത്തെ യാത്രയ്ക്ക് തുടക്കം. കോഴിക്കോട്കോർപ്പറേഷൻ കൗൺസിലർ അനുരാധാ തായാട്ടാണ് ബോർഡ് സ്ഥാപിച്ച് യാത്ര ഉദ്ഘാടനം ചെയ്തത്. ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായിരുന്ന കേളപ്പജിയുടെ പേരിൽ കോരപ്പുഴ പാലം അറിയപ്പെടുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും പേരിട്ട് ബോർഡ് സ്ഥാപിച്ചിരുന്നില്ല.

1938ൽ കെ കേളപ്പൻ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരിക്കുമ്പോഴാണ് കോരപ്പുഴയ്ക്ക് കുറുകെ പാലം പണിത് മലബാറിൻ്റെ വികസനത്തിന് തുടക്കം കുറിച്ചത്. മദ്രാസ് ആസ്ഥാനമായി പ്രവർത്തിച്ച ഡൻകർലി ആൻഡ് കമ്പനിയാണ് പാലം പണിയുടെ കരാറെടുത്തത്. 1940ൽ 2.84 ലക്ഷം രൂപ ചെലവിട്ട് നിർമാണം പൂർത്തീകരിച്ചു. പാലം ഉദ്ഘാടനം ചെയ്യണമെന്ന് കേളപ്പജിയോട് അന്ന് ആവശ്യപ്പെട്ടെങ്കിലും അന്ന് കാളവണ്ടി കടത്തിവിട്ടാണ് കെ കേളപ്പൻ പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തത്.


കിഫ്ബിയിൽ ഉൾപ്പെടുത്തി 28 കോടി ചെലവിട്ടാണ് പാലം നവീകരിച്ചത്.2021 ഫെബ്രുവരി 17നാണ് പുതുക്കിയ പാലത്തിൻ്റെ ഉദ്ഘാടനം നടന്നത്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരനാണ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചത്.ഉപ്പുസത്യഗ്രഹ യാത്ര എലത്തൂർ, കാട്ടിൽ പിടിക, വെങ്ങളം, തിരുവങ്ങൂർ, പൂക്കാട്, പൊയിൽക്കാവ്, ചെങ്ങോട്ട്കാവ്, അരങ്ങാടത്ത് സ്വീകരണത്തിനു ശേഷം കൊയിലാണ്ടിയിൽ സമാപിച്ചു.



