കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് ആര്‍എസ്എസിന്റെ ആയുധ പരിശീലനം; രാത്രിയില്‍ കുറുവടി അഭ്യാസം

കോട്ടയം: ജില്ലയിലെ പ്രമുഖ ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആയുധ പരിശീലനവും ശാഖാ പ്രവര്‍ത്തനവും. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് ആര്‍എസ്എസുകാര്‍ പരിശീലനം നടത്തിയത്. ഞായറാഴ്ച രാവിലെ നടന്ന പരിശീലനത്തില്‍ നാല്പതോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
ട്രൗസറും ഷര്‍ട്ടുമണിഞ്ഞ് എത്തിയ ഇവരുടെ കൈയില്‍ ആക്രമിക്കാനുപയോഗിക്കുന്ന കുറുവടിയും ദണ്ഡുമുണ്ടായിരുന്നു. ആദ്യം കുറുവടിയും അതിന്റെ അടിതടയലും പിന്നീട് ദണ്ഡുമാണ് പരിശീലിപ്പിച്ചത്. ക്ഷേത്ര ഗോപുരത്തിന് മുന്‍വശമുള്ള ആലിന്റെ ഇടതുഭാഗത്തായിരുന്നു പരിശീലനം. ദര്‍ശനത്തിനെത്തിയ ചിലര്‍ ഇത് ചോദ്യംചെയ്തെങ്കിലും അവരെ ഭീഷണിപ്പെടുത്തി.

ക്ഷേത്രനട അടച്ച് ദേവസ്വം അധികൃതരും മറ്റ് ജീവനക്കാരും പൂജാരിയും പോയ ശേഷം രാത്രിയില്‍ ഇവിടെ ശാഖ നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ചില ദിവസം രാവിലെ ആറിന് തന്നെ ആയുധ പരിശീലനം ആരംഭിക്കാറുണ്ട്.

ആര്‍എസ്എസിന്റെ ജില്ലയിലെ ഭാരവാഹികള്‍ക്കു പുറമെ പുറത്തുനിന്നെത്തുന്നവരും പരസ്യമായി ക്ഷേത്രത്തില്‍വച്ച് പരിശീലനം നല്‍കുന്നുണ്ട്. കുറുവടി, ദണ്ഡ് പരിശീലനത്തിന് പുറമെ എതിരാളികളെ നേരിടുന്നതിനുള്ള കായികപരിശീലനവും നല്‍കുന്നുണ്ട്.

