കൊളളപ്പലിശക്കാര്‍ക്കായി നാലു ജില്ലകളില്‍ പൊലീസ് പരിശോധന

കൊച്ചി: കൊളളപ്പലിശക്കാര്‍ക്കായി മധ്യകേരളത്തിലെ നാലു ജില്ലകളില്‍ പൊലീസ് പരിശോധന. പരിശോധനയില്‍ ഇരുപത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എറണാകുളം റേഞ്ച് ഐജി അറിയിച്ചു. പ്രതികള്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം.
എറണാകുളം റേഞ്ച് ഐജി പി വിജയന്റെ നിര്‍ദേശപ്രകാരം ഓപറേഷന് ബ്ലേഡ് എന്ന പേരിലാണ് പൊലീസ് പരിശോധന. കോട്ടയത്ത് 11ഉം കൊച്ചിയില്‍ മൂന്നും ഇടുക്കിയില്‍ ആറുകേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. പണം പലിശക്ക് നല്‍കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമായിട്ടായിരുന്നു പരിശോധന.

മുദ്രപ്പത്രങ്ങളും ചെക് ലീഫുകളും വാഹനങ്ങളുടെ ആര് സി ബുക്കുകളും അടക്കമുളളവ വിവിധ ജില്ലകളില്‍ നിന്നായി കണ്ടെടുത്തിട്ടുണ്ട്. ആലുവയില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ മുപ്പത്തടത്തുനിന്ന് പലിശക്കാര്‍ പിടിച്ചെടുത്ത വാഹനങ്ങളടക്കം കണ്ടെടുത്തിട്ടുണ്ട്. ഓപറേഷന് കുബേരക്ക് സമാനമാണ് പരിശോധനയെങ്കിലും കുബേരയുടെ അപകാതകള്‍ കൂടി പരിഹരിച്ചാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

