കൊയിലാണ്ടി സിറ്റി സെന്റർ ബിൽഡിംഗിലെ പാർക്കിംഗ് സ്ഥലം ഉടമ കെട്ടി മുട്ടിച്ചു – ലിംഗ് റോഡിൽ ഗതാഗത കുരുക്ക്

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാന്റിന് കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സിറ്റി സെന്റർ ബിൽഡിംഗിലെ പാർക്കിംഗ് സ്ഥലം ഉടമ കെട്ടി മുട്ടിച്ചതോടെ ബസ്സ്സ്റ്റാന്റ് പരിസരത്തെ ലിംഗ് റോഡിൽ ഗതാഗത കുരുക്ക് പതിവായി. ഇതോടെ അതുവഴിപോകുന്ന ചെറുവാഹനങ്ങളും കാൽനട യാത്രക്കാരും ഏറെ പ്രയാസമനുഭവിക്കുകയാണ്. മൂന്ന് നിലയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെയുള്ള സ്ഥാപന ഉടമകളും ജീവനക്കാരും ഇപ്പോൾ നഗരസഭാ റേഡിൽ വാഹനം പാർക്കുചെയ്യുന്നതോടുകൂടി ഗതാഗതം പതിവായി മുടങ്ങന്ന സ്ഥിതിയിലാണ്.
കെട്ടിടത്തിന് അണ്ടർഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യം ഉണ്ട് എന്നിരിക്കെ അവ ഗ്രീൽസ് ഉപയോഗിച്ച് അടച്ച് മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നാണ് നാട്ടുകാരും ചില കച്ചവട സ്ഥാപനത്തിലെ ജീവനക്കാരും പറയുന്നത്. കെട്ടിടത്തിന്റെ മുൻവശം വാഹനം കയറ്റുന്നതിന് ഒരടിയോളം ഉയരത്തിൽ കോൺഗ്രീറ്റ് ചെയ്ത് അവിടെ ഇരുമ്പ് കാലുകൾ ഉപയോഗിച്ച് ഷീറ്റിട്ട താൽക്കാലിക പോർച്ചും നിർമ്മിച്ചിട്ടുണ്ട്. ഫയർ & സേഫ്റ്റിയുടെ യാതൊരു നിബന്ധനകളും ഇവിടെ പാലിച്ചിട്ടില്ലെന്നാണ് മനസിലാകുന്നത്.

ഇതോടെ സ്വന്തം കെട്ടിടത്തിൽ വാഹനം പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് മറ്റ് കച്ചവടക്കാർ. നഗരസഭയിലെ എഞ്ചീനീയറിംഗ് വിഭാഗത്തിലെ ചിലരുടെ ഒത്താശയോടുകൂടിയാണ് ഇത്തരത്തിൽ അനധികൃത നിർമ്മാണം നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉടൻതന്നെ ഇതിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

