കൊയിലാണ്ടി നഗര സൗന്ദര്യവൽക്കരണവും ട്രാഫിക് പരിഷ്ക്കാരവും ഉടൻ നടപ്പിലാക്കും

കൊയിലാണ്ടി: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായും, രൂക്ഷമായ ഗതാഗത കുരുക്കിനും പരിഹാരം കാണാനായി റോഡ് വീതി കൂട്ടി സിഗ്നൽ സംവിധാനമടക്കമുള്ള സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നു. ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഇതിന്റെ മേൽനോട്ടം. നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
പഴയ സ്റ്റാന്റിനു മുൻവശത്താണ് റോഡ് വീതി കൂട്ടി സൗന്ദര്യവൽക്കരണവും നടത്തുക. റോഡിന്റെ സൈഡിൽ മനോഹരമായ നടപ്പാത ടൈൽസ് പാകി കമ്പിവേലി കെട്ടി മനോഹരമാക്കും റോഡ് വീതി കൂട്ടി ഇപ്പോഴുള്ള ഡ്രെയിനേജുകൾ നവീകരിക്കും. കോടതിയുടെ മുൻഭാഗത്തെ ചുറ്റുമതിൽ പിറകോട്ടേക്ക് മാറ്റി പണിയാനും പദ്ധതിയുണ്ട്. പദ്ധതിക്കായി ഒന്നര കോടിയുടെ ഫണ്ട് വകയിരുത്തിയതായി കെ.ദാസൻ എം.എൽ.എ.അറിയിച്ചു. കൂടാതെ റോഡ് സുരക്ഷിതത്വത്തിനായി സർക്കാർ അനുവദിച്ച ഫണ്ടും വകയിരുത്താൻ കഴിയും.

പദ്ധതി നടപ്പിലാക്കുമ്പോൾ ഇപ്പോൾ തടസ്സമായി നിൽക്കുന്ന ട്രാൻസ്ഫോർമർ, ഹൈമാസ്റ്റ് ലൈറ്റും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റും. നഗരസഭയുടെ സഹകരണത്തോടെയായിരിക്കും നടപ്പിലാക്കുക. സമീപത്തെ ആൽമരം കടപുഴകിയതോടെ വലിയ സൗകര്യം ഉണ്ടായിട്ടുണ്ട്. സി.സി.ടി.വി.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേശീയപാത എക്സി.എഞ്ചിനീയർ കെ.വിനയരാജ്, എം.എൽ.എ.കെ.ദാസൻ, നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, തഹസിൽദാർ പി .പ്രേമൻ, യു.എൽ.സി.സി.ചെയർമാൻ രമേശൻ പാലേരി, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സന്ദർശനം നടത്തി. ഉടൻ തന്നെ അന്തിമരൂപം നൽകി പദ്ധതി നടപ്പിലാക്കും.

