കൊയിലാണ്ടി തീരദേശത്ത് ആരോഗ്യവിഭാഗം പരിശോധന നടത്തി

കൊയിലാണ്ടി: നഗരസഭയിലെ തീരദേശത്ത് നഗരസഭാ ആരോഗ്യ വിഭാഗവും ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാരും സംയുക്ത പരിശോധന നടത്തി. 10 വാർഡുകൾ കേന്ദ്രീകരിച്ച് രണ്ട് വാർഡിന് ഒരു സെന്റെർ എന്ന രീതിയിൽ തീരപ്രദേശങ്ങളിലെ തോണികൾ, ബോട്ടുകൾ, മത്സ്യപ്പെട്ടികൾ മാലിന്യം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ പരിശോധിച്ചു. ക്ലീനിംഗ്, ഗൃഹസന്ദർശനം, സോഴ്സ് റിഡക്ഷൻ, ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി. കാട് പിടിച്ച് കിടക്കുന്ന ഒരു കിണർ വൃത്തിയാക്കാൻ തീരുമാനിച്ചു.
നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ചിണ്ടൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രമോദ്, ജെ.എച്ച്.ഐ.മാരായ ടി.കെ.അശോകൻ, കെ.എം.പ്രസാദ്, ആരോഗ്യ വിഭാഗം ജീവനക്കാരായ വി. സുരേഷ് കുമാർ, അജിത, ലത, ഷിന, കൗൺസിലർമാരായ കെ. വി. സന്തോഷ്, കനക, കെ. വി. സുരേഷ്, സ്മിത, തുടങ്ങിയവർ പങ്കെടുത്തു.

ട്രോളിംഗ് മൂലം പുറത്ത് സൂക്ഷിച്ചിരിക്കുന്ന നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ബോട്ടുകളിൽ വെള്ളം കെട്ടികിടന്ന് കൊതുകുശല്യം രൂക്ഷമാവതിരിക്കാൻ കമഴ്ത്തി ഇടാൻ അരയ സമാജത്തിന് കത്ത് നൽകുവാനും, ഫിഷറീസ് വകുപ്പിന്റെ അധീനതയിൽ അനധികൃതമായി നിർമ്മിച്ച മൽസ്യ ടാങ്കുകൾ പൊളിച്ചുമാറ്റുവാൻ ഫിഷറീസ് വകുപ്പിന് കത്ത് നൽകാൻ തീരുമാനിച്ചു. തിര ദേശങ്ങളിൽ ക്ലീനിംഗ് പ്രവർത്തനങ്ങൾ തുടരുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു.

