കൊയിലാണ്ടി താലൂക്കിലെ റേഷൻ ഗോഡൗൺ പുനസ്ഥാപിക്കണം

കൊയിലാണ്ടി: റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം നടത്താനുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടപടിയിൽ താലൂക്കിലെ ഗോഡൗൺ മാറ്റം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി ആക്ഷേപമുയരുന്നു. കൊയിലാണ്ടി ടൗണിൽ ഉണ്ടായിരുന്ന ഗോഡൗൺ ജൂൺ മാസമാണ് കരിവണ്ണൂരിലേക്ക് മാറ്റിയത്.
റേഷൻ ഡീലർമാർക്കും ചുമട്ട് തൊഴിലാളികൾക്കും സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കും താല്പര്യമില്ലാതെ നഗരത്തിൽ നിന്ന് പതിനെട്ട് കി.മീറ്റർ അകലെയുള്ള സൗകര്യങ്ങൾ പരിമിതമായ കേന്ദ്രത്തിലേക്കാണ് ഗോഡൗൺ മാറ്റിയത്.

തിക്കോടി എഫ്.സി.ഐ.ഗോഡൗണിൽ നിന്നാണ് റേഷൻ സാധനങ്ങൾ കരിവണ്ണൂരിലെ ഗോഡൗണിൽ എത്തിക്കുന്നത്. തിക്കോടിയിൽ നിന്ന് കൊയിലാണ്ടി ഗോഡൗണിലേക്ക് അരി, ഗോതമ്പ്, എന്നിവ എത്തിക്കാൻ ലോഡിന് 1450- രൂപയാണ് വാടക. ഒരു മാസത്താൽ 250-ലോഡ് സാധനങ്ങളാണ് കൊയിലാണ്ടി താലൂക്കിൽ എത്തുന്നത്. ഇത് കരിവണ്ണുരിൽ ഇറക്കിയ ശേഷം തിരിച്ച് കൊയിലാണ്ടി, പയ്യോളി, കാപ്പാട് എന്നീ സ്ഥലങ്ങളിലുള്ള റേഷൻ കടകളിലെത്തുമ്പോൾ വാടക ഇനത്തിൽ ഒര് ലോഡിന് 5500- രൂപയിലധികം നൽകേണ്ടിവരുന്നു. ഭീമമായ നഷ്ടം വരുത്തുന്ന ഈ നടപടി നിർത്തി കൊയിലാണ്ടിയിൽ തന്നെ ഗോഡൗൺ പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

