കൊയിലാണ്ടി ജി.വി.എച്ച്.എസ്.സ്കൂളിൽ പൂർവ്വാദ്ധ്യാപക – വിദ്യാർത്ഥി സംഗമം
കൊയിലാണ്ടി: അക്ഷരമുറ്റത്തെ സ്മരണകൾ അയവിറക്കി ഒരുവട്ടം കൂടി ഒത്തു കൂടാൻ പൂർവ്വാദ്ധ്യാപക – വിദ്യാർത്ഥി സംഗമത്തിന് വേദിയൊരുങ്ങുന്നു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.സ്കൂളിലാണ് 27-ന് ഞായറാഴ്ച “ഓട്ടോ ഗ്രാഫ് ” എന്ന പേരിൽ പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾ തുടരുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാലത്ത് 10 മണിക്ക് പൂർവ്വാദ്ധ്യാപക സംഗമം കവി.എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമം കെ.ദാസൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർത്ഥിയും, സിനിമാ നടനുമായ സുശീൽ കുമാർ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സംസ്ഥാന സർക്കാറിന്റെയും പൊതു ജനങ്ങളുടെയും പിന്തുണയോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വികസന പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്. മുൻ മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ, മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഇന്ത്യൻ ഗോൾകീപ്പർ ആത്മാറാം, മുൻ കേന്ദ്ര മന്ത്രി കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയ പ്രമുഖർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പ്രതിഭകളാണ്.

പത്രസമ്മേളനത്തിൽ, ഹെയർസെക്കണ്ടറി പ്രിൻസിപ്പാൽ പി.വത്സല, എച്ച്.എം.പി.എ.പ്രേമചന്ദ്രൻ ,പി.ടി .എ .വൈസ് പ്രസിഡണ്ട് വി.സുചീന്ദ്രൻ, ഇ.എസ്, രാജൻ, യു.കെ.ചന്ദ്രൻ വി.എം. രാമചന്ദ്രൻ, സാജിദ് എക്കാട്ടുർ, പി .പി .സുധീർ, പവിത്രൻ മേലൂർ എന്നിവർ പങ്കെടുത്തു.




