കൊയിലാണ്ടിയിലെ വികസന കുതിപ്പിന് വേഗം കൂടും: കെ. ദാസൻ എം.എൽ.എ.

കൊയിലാണ്ടി > ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ ഭാഗമായി വന്‍ വികസനക്കുതിപ്പാണ് കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലും എത്തിയിരിക്കുന്നതെന്ന് കെ ദാസന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള ആവശ്യമായ കൊയിലാണ്ടി ഫയര്സ്റ്റേഷന് അടുത്തദിവസം ഉദ്ഘാടനംചെയ്യും.
പുതിയ ഫയര്‍സ്റ്റേഷനിലെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ധനകാര്യവകുപ്പിലേക്കെത്തിയിട്ടുണ്ട്. ഫിഷിങ് ഹാര്‍ബര്‍ ഈ വര്‍ഷം തന്നെ കമീഷന് ചെയ്യാനുള്ള ഊര്‍ജിതശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി ഹാര്‍ബര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി താമസിയാതെ പ്രവര്‍ത്തനമാരംഭിക്കും. കെട്ടിടത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ക്കുകയാണ്. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് എസ്റ്റിമേറ്റ് പരിശോധിച്ചുവരികയാണ്. ഉദ്ഘാടനം ഉടന്‍ നടത്താന്‍ പ്രവൃത്തി പുരോഗമിക്കുകയാണ്.

ടൂറിസം മേഖലയില്‍ കാപ്പാടും ഇരിങ്ങല്‍ സര്‍ഗാലയയും കേന്ദ്രീകരിച്ച് രണ്ട് പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സമര്‍പ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് നാലുകോടി എണ്‍പത്തി രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

വെങ്ങളം-കാപ്പാട് റോഡ്-1 കോടി 95 ലക്ഷം രൂപ, ചെങ്ങോട്ടുകാവ്-ഉള്ളൂര്‍ കടവ് റോഡ്-രണ്ടുകോടി രൂപ, പൂക്കാട്-തൂവ്വപ്പാറ-പൊയില്‍ക്കാവ് തീരദേശ റോഡ് -87 ലക്ഷം രൂപ എന്നിവയാണവ. ഇതിനുപുറമെ വന്മുഖം-കീഴുര്‍ പിഡബ്ളിയു റോഡ് നവീകരണത്തിന് 4 കോടി 63 ലക്ഷം രൂപ ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മൂടാടി-ഹില്‍ബസാര്‍-മുചുകുന്ന് റോഡ് 4 കോടി 60 ലക്ഷം, മേലടി ബീച്ച് റോഡ്-2 കോടി, പൂക്കാട്-തോരായിക്കടവ് റോഡ് 3 കോടി 50 ലക്ഷം രൂപ എന്നിവക്കായി എസ്റ്റിമേറ്റ് തയ്യാറായി വരുന്നു.

ദേശീയപാതയില്‍ കൊല്ലം-മുചുകുന്ന് റെയില്‍വേ ഓവര്‍ബ്രിഡ്ജ് 75 കോടി, ഇരിങ്ങല്‍- മുരാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് 50 കോടി, പയ്യോളി ടൌണിലെ ഓവര്‍ബ്രിഡ്ജ ്50 കോടി എന്നീ പദ്ധതികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ബജറ്റില്‍ ഭരണാനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ധനമന്ത്രിക്ക് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. കൊയിലാണ്ടിയില്‍ കുടിവെള്ള വിതരണത്തിന് കിഫ്ബിയില്‍ അംഗീകരിച്ച് ഭരണാനുമതിയായ 82 കോടിയുടെ പദ്ധതി ഉടന്‍ ടെന്‍ഡര്‍ചെയ്ത് കമീഷന് ചെയ്യാന്‍ ആവശ്യമായ നടപടി നടക്കുന്നുണ്ട്. പയ്യോളി കേന്ദ്രീകരിച്ചും കുടിവെള്ളപദ്ധതിക്കായി സര്‍ക്കാരില്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ രണ്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ തിരുവങ്ങൂര്‍, മേലടി സിഎച്ച്സികളില് സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് തസ്തിക നിര്‍ണയിക്കുന്നതിന് സര്‍ക്കാരില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
