കൊച്ചി മെട്രോ: ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ

കൊച്ചി: കൊച്ചിയുടെ സൂപ്പര്‍ മെട്രോയോ കൊച്ചിക്കാര് നെഞ്ചേറ്റിയപ്പോള്‍ ആദ്യ ദിന കളക്ഷനിലും മെട്രോ സൂപ്പര്‍ ഹിറ്റ്. മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ. രാത്രി ഏഴു മണി വരെ 62320 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്.
കൊച്ചി മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ കെഎംആര്‍എല്‍ പ്രതീക്ഷിച്ച നേട്ടം തന്നെയുണ്ടായി. 13 മണിക്കൂറിനുള്ളിലാണ് കൊച്ചി മെട്രോയില്‍ 62320 പേര് യാത്രക്കാരായി എത്തിയത്.

പാലാരിവട്ടം, ആലുവ എന്നീ മെട്രോ സ്റ്റേഷനുകളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ അനുഭവപ്പെട്ട തിരക്ക് വൈകിട്ട് വരെ നീണ്ട് നിന്നു. മെട്രോയുടെ ആദ്യ ദിനത്തെ ആവേശത്തോടെയാണ് കൊച്ചിയിലെ ജനങ്ങള്‍ സ്വീകരിച്ചത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള വരും കന്നിയാത്രയ്ക്ക് എത്തിയിരുന്നു.

ആലുവയില്‍ നിന്നും പാലാരിവട്ടത്തു നിന്നും രാവിലെ ആറു മുതലാണ് സര്‍വീസ് ആരംഭിച്ചത്. രാത്രി പത്തുവരെയാണ് സര്‍വീസ്. 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്യുന്നത്. പത്തുരൂപയാണ് മിനിമം ചാര്‍ജ്. പാലാരിവട്ടം മുതല്‍ ആലുവ വരെ 40 രൂപയാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്.

മെട്രോ സ്റ്റേഷനുകളില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സ്റ്റേഷനുമായി ബന്ധപ്പെടുത്തി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.
