KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍‌സ്റ്റേഷന്‍ മറയൂരില്‍

മറയൂര്‍: കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍‌സ്റ്റേഷന്‍ ഉടനെ മറയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. മറയൂര്‍ ചന്ദന റിസര്‍വിനു കീഴിലെ 25 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതി വെളിച്ചം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം ആരംഭിച്ച പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണ ജോലികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നു. സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇരട്ടു വീണ മറയൂരിലെ വനപാതകളും കുടിലുകളും പ്രകാശഭരിതമാകും. മറയൂര്‍ പുറവയല്‍ ആദിവാസികുടിയിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ പവര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങുന്നത്. നിര്‍മ്മാണം പൂത്തിയാകുന്നതോടെ പവര്‍ക്കട്ടില്ലാത്ത കേരളത്തിലെ ഗ്രാമമായി മാറും പുറവയല്‍ കുടി.

സമ്ബൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതി എത്തിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്ന മൈക്രോ ഗ്രിഡ് വില്ലേജ് പദ്ധതിയിയുടെ ഭാഗമായിട്ടാണ് മറയൂര്‍ പുറവയല്‍ ആദിവാസി കോളനിയില്‍ സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സോളാര്‍ പവര്‍‌സ്റ്റേഷന്‍ എന്ന പെരുമ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മറയൂരിലെ ഈ പവര്‍‌സ്റ്റേഷന് ലഭിക്കും. സീഡാക്ക് ഇലക്‌ട്രോണിക്ക് ഗ്രൂപ്പാണ് നൂതന സാങ്കേതിക വിദ്യയില്‍ പൂര്‍ത്തിയാക്കുന്ന പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടാണ് സോളാര്‍ പവര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കിയത്.

മറയൂരിലെ ചന്ദന റിസര്‍വ്വിനുള്ളില്‍ 25 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടുതാണ് പുറവയല്‍ ആദിവാസി കോളനി. ഇവര്‍ക്കായി ഇരുപത്തി അഞ്ച് കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണമാണ് സീഡാക്ക് പവര്‍ ഇലക്‌ട്രോണിക്‌സ് ഗ്രൂപ്പ് പൂര്‍ത്തികരിച്ചു വരുന്നത്. വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് പുറമേ ആദിവാസി കോളനിയുടെ വഴിയോരങ്ങളില്‍ തെരുവ് വിളക്കുകള്‍, സൗരോര്‍ജ്ജ വേലി എന്നിവ നിര്‍മ്മിക്കാനുമാണ് തീരുമാനം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *