കെ.സുരേന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി പി. എം. വേലായുധന്

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ തമ്മിലടി രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരേ പരസ്യ വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ പി.എം.വേലായുധനും രംഗത്തെത്തി.
പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താമെന്ന് വാഗ്ദാനം ചെയ്ത് സുരേന്ദ്രന് വഞ്ചിച്ചെന്നും വേലായുധന് ആരോപിച്ചു. പുതിയ വെള്ളം വരുമ്പോള്‍ നിന്ന വെള്ളം ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയില്‍. സുരേന്ദ്രന് നേതൃത്വത്തിലേക്ക് ഉയര്‍ന്നതിനെ പിന്തുണച്ചയാളാണ് താന്‍.


പ്രസിഡന്റ് പദത്തിനായി നേതാക്കള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ വോട്ട് ലഭിക്കാന്‍ സുരേന്ദ്രന് തനിക്ക് പദവികള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തന്നെ പരിഗണിച്ചില്ല. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് മക്കള്‍ അയച്ചപോലെയാണ് തന്റെ അവസ്ഥ.

ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ നിരന്തരം ഫോണില്‍ വിളിച്ചത്. അദ്ദേഹം ഫോണെടുത്തില്ല. ഈ നിമിഷം വരെ അദ്ദേഹം എന്നെ തിരിച്ച് വിളിച്ചിട്ടുമില്ല. തങ്ങളുടെ പരാതി കേള്‍ക്കാന്‍ പോലും സുരേന്ദ്രന് തയാറാകുന്നില്ലെന്നും വേലായുധന് കുറ്റപ്പെടുത്തി.

തന്റെ മണ്ഡലമായ പെരുമ്ബാവൂരില്‍ രണ്ടു തവണ സുരേന്ദ്രന് വന്നു പോയിട്ടും തന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന അധ്യക്ഷനാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്.
അടിയന്തരാവസ്ഥയില്‍ സമരം ചെയ്ത് രണ്ടു തവണ ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ട്. ഒരാശയത്തില്‍ ഉറച്ച് നിന്നവരാണ്. എന്നാലിന്ന് വളരെ വേദനയുണ്ട്. ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണ്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ല. മറ്റു പാര്‍ട്ടികളില്‍ സുഖലോലുപ ജീവിത സാഹചര്യങ്ങള്‍ അനുഭവിച്ച് വന്നവരാണ് അടുത്തിടെ ബിജെപിയില്‍ എത്തിയത്.
പുതിയ ആളുകള്‍ വന്നപ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പാര്‍ട്ടി പരിഗണിച്ചില്ല. സംഘടനാ സെക്രട്ടറിമാരും പക്ഷപാതമായി പെരുമാറുകയാണെന്നും വേലായുധന് കുറ്റപ്പെടുത്തി.

