KOYILANDY DIARY.COM

The Perfect News Portal

കെവിന്‍ കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു

കോട്ടയം: കെവിന്‍ കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം പറയുന്നു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെവിനെ മനപൂര്‍വ്വമായി പുഴയിലേക്ക് തളളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ മനപൂര്‍വ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്നും പ്രതിഭാഗം വാദിച്ചു. കേസ് 20ന് പരിഗണിക്കാന്‍ മാറ്റിവച്ചു. ഏപ്രിലില്‍ വിചാരണ തുടങ്ങും. വിചാരണക്ക് മുന്‍പേ നരഹത്യയെന്ന വകുപ്പ് തളളണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി

കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്‍റെ പേരില്‍ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച്‌ വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച്‌ അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.

Advertisements

രജിസ്റ്റര്‍ വിവാഹത്തിന്‍റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച്‌ നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.

തുടര്‍ന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. അതിന്‍റെ തലേദിവസം നീനുവിന്‍റെ സഹോദരന്‍ ഷാനുവിന്‍റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി ആറ്റില്‍ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിവായത്. നീനുവിന്‍റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസില്‍ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *