കൂടത്തായി കൊലപാതകം: ജോളിയുടെ നിര്‍ണായക മൊഴി പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയിലുള്ള ജോളിയുടെ നിര്‍ണായക മൊഴി പുറത്ത്. വിവാഹം കഴിഞ്ഞ് പൊന്നാമറ്റം എന്ന സമ്ബന്ന കുടുംബത്തില്‍ എത്തിയെങ്കിലും തനിക്കെന്നും നേരിടേണ്ടി വന്നത് അവഗണനകളായിരുന്നെന്നും അതാണ് പ്രതികാരത്തിലേക്ക് നയിച്ചതെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.
ആറു കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി വീണ്ടും വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭര്‍ത്താവ് ഷാജുവിനെയാണ്. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. ഗൃഹനാഥനായിരുന്ന ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് നേരത്തെ മരിച്ചിരുന്നു.

ഇവരുടെ വിവാഹവും ഒപ്പം ഒരു ഒസ്യത്തുമാണ് കേസ് വീണ്ടും കുത്തിപ്പൊങ്ങാന്‍ കാരണമായത്. റോയിയുടെ സഹോദരനും സഹോദരിയുമാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അതേസമയം, കേസില്‍ ജോളി കുറ്റംസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ആറുപേരുടേയും മരണം വിഷാംശം ഉള്ളില്‍ ചെന്നതാണെന്ന് പൊലീസ് പറയുന്നു. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജോളി ബന്ധുവായ ജ്വല്ലറി ജീവനക്കാരന് വഴി സയനൈഡ് കൈവശപ്പെടുത്തിയെന്നാണ് പൊലീസ് നല്കുന്ന വിവരങ്ങള്‍. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്.

16 വര്‍ഷംമുമ്ബാണ് ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്. ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തു.
വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന് പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന് റോയി തോമസ്, അന്നമ്മയുടെ സഹോദരന് മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന് പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്ഫിന്(2) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ല്‍ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണായിരുന്നു മരണം. തുടര്‍ന്ന് മറ്റുളളവരും സമാന സാഹചര്യത്തില്‍ മരിച്ചു. ആറ് വര്‍ഷം മുമ്ബായിരുന്നു റോയി തോമസിന്റെ മരണം. ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞെങ്കിലും ചിലര്‍ സംശയമുന്നയിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.
കോടഞ്ചേരി സെന്റ്മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കിയ സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് ആദ്യം പുറത്തെടുത്ത് സാമ്ബിളുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് കൂടത്തായി ലൂര്‍ദ്മാതാ പള്ളിയില്‍ അടക്കിയ മറ്റു നാലുപേരുടെയും കല്ലറ തുറന്ന് എല്ലും പല്ലും മറ്റും ശേഖരിച്ചു.
