കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ശതാബ്ദി ആഘോഷം ഫെബ്രുവരി 2, 3, 4 തീയതികളിൽ
കൊയിലാണ്ടി: ഒരു വർഷക്കാലമായി നടന്നു വരുന്ന കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ശതാബ്ദി ആഘോഷം ഫെബ്രുവരി 2, 3, 4 തീയതികളിൽ നടക്കുന്ന വിവിധ പരിപാടികളോടെ സമാപിക്കും .
1919 വായനാരി രാരിച്ചൻ വൈദ്യർ, വാഴയിൽ ഒണക്കൻ വൈദ്യർ എന്നീ സാമൂഹ്യ പരിഷ്കർത്താക്കൾ ചേർന്ന് സ്ഥാപിച്ച കുറുവങ്ങാട് സെൻട്രൽ യു. പി. സ്കൂൾ കൊയിലാണ്ടി ഉപജില്ലയിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
450 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ നരിക്കുനി എടമന മോഹനൻ നമ്പൂതിരിയും, ഹെഡ്മാസ്റ്റർ ആർ. സുബ്രഹ്മണ്യൻ നമ്പൂതിരിയുമാണ്. സമാപനത്തോടനുബന്ധിച്ച് രണ്ടാം തീയതി ഞായറാഴ്ച കാലത്ത് 10 മണി മുതൽ നടക്കുന്ന പൂർവ അധ്യാപക – വിദ്യാർഥി സംഗമം പ്രശസ്ത പിന്നണി ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്ക് മാനേജ്മെൻ്റിൻറെയും, പൂർവ്വ അധ്യാപകരുടെയും, പൂർവ വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ നിർമിച്ച ശതാബ്ദിസ്മാരക ഓഡിറ്റോറിയം തൊഴിൽ എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. ദാസൻ എം എൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കെ. മുരളീധരൻ എം.പി, നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ സംബന്ധിക്കും. 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സാവിത്രി അന്തർജനത്തിനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടക്കും.
ഫെബ്രുവരി 2, 3 തീയതികളിൽ കലയരങ്ങ് എന്ന പേരിൽ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ശതാബ്ദി സമാപന സാംസ്കാരിക സന്ധ്യ കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. നൂറാം വാർഷിക “സ്മരണിക ” സമ്മേളനത്തിൽ വച്ച് മുരുകൻ കാട്ടാക്കട, ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്യും. തുടർന്ന് പൂർവ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, മ്യൂസിക് ഫ്യൂഷൻ, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
ഫിബ്ര: 2,3 ,4 തീയതികളിൽ ശതാബ്ദി സമാപന സമ്മേളനത്തോടനുബന്ധിച്ച് പുരാവസ്തു പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഒരു വർഷക്കാലമായി നടന്നു വരുന്ന വരയരങ്ങ്, എഴുത്തരങ്ങ്, സ്വാദരങ്ങ്, അറിവരങ്ങ്, കലയരങ്ങ്, സ്മൃതിയരങ്ങ് തുടങ്ങിയവയായിരുന്നു. പത്രസമ്മേ ളനത്തിൽ കൗൺസിലർ ശ്രീജാ റാണി, ഹെഡ്മാസ്റ്റർ ആർ സുബ്രഹ്മണ്യൻ നമ്പൂതിരി, മാനേജർ എൻ ‘ഇ മോഹനൻ നമ്പൂതിരി ,പി ടി എ പ്രസിഡണ്ട് പി.വി.മുസ്തഫ,ശശി കോട്ടിൽ, സി.ഗോപകുമാർ , കെ സുകുമാരൻ,സി അജിത്ത് കുമാർ, സുധീർ ബാബു എസ്, വി പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു
