കുമ്മനത്തിന്റെ തോല്‍വിയെച്ചൊല്ലി ആര്‍എസ്എസ് ബിജെപി തമ്മിലടി മൂര്‍ച്ഛിച്ചു; വോട്ട് മറിച്ചെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി ആര്‍എസ്എസ് കൊണ്ടുവന്ന കുമ്മനം രാജശേഖരനെ തോല്പിക്കാന് ബിജെപിയിലെ ഒരുവിഭാഗം കോണ്‍ഗ്രസിന് വോട്ടുമറിച്ചെന്ന ആരോപണം ആര്‍എസ്എസ് ആഭ്യന്തര സമിതി അന്വേഷിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്കി. ജയിച്ച് കുമ്മനം മന്ത്രിയായാല്‍ മറ്റു ചിലരുടെ കേന്ദ്ര മന്ത്രിമോഹം പൊലിയുമെന്നുകണ്ട് ചിലയിടത്ത് ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് വോട്ടുമറിക്കാനുള്ള ശ്രമം ഒരുവിഭാഗം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാതിരിക്കാനും ശ്രമം നടന്നു.
സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരം സീറ്റില്‍ കണ്ണുവച്ചതും അത് നടക്കാതെ വന്നപ്പോള്‍ പത്തനംതിട്ട ആവശ്യപ്പെടുകയായിരുന്നു. ഇരു സീറ്റും നിഷേധിക്കപ്പെട്ടതോടെ പി എസ് ശ്രീധരന്‍പിള്ളയും കൂട്ടരും മെല്ലെപ്പോക്ക് സമീപനം സ്വീകരിച്ചതായും ആര്‍എസ്എസ് വിലയിരുത്തിയിട്ടുണ്ട്. അതിനിടെ, തനിക്കു ലഭിച്ചത് വ്യക്തിപരമായ വോട്ടാണെന്നും കുമ്മനത്തിന് അത് കിട്ടില്ലെന്നുമുള്ള ഒ രാജഗോപാലിന്റെ പ്രസ്താവനയുംകൂടി വന്നതോടെ തലസ്ഥാനത്ത് എന്തെക്കെയോ നടന്നിട്ടുണ്ടെന്ന് ആര്‍എസ്എസ് ഉറപ്പിച്ചുകഴിഞ്ഞു.

ഇതോടെ തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച ആദ്യഘട്ട അവലോകന യോഗംപോലും ചേരാനാകാത്ത പ്രതിസന്ധിയിലാണ് സംസ്ഥാന നേതൃത്വം. കുമ്മനത്തിന്റെ തോല്‍വിയുടെ പേരില്‍ ആര്‍എസ്എസ് വാളൂരിയതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലും ഭിന്നിപ്പ് രൂക്ഷമായി. തോല്‍വിയുടെ കാരണങ്ങളായി മുരളീധരപക്ഷം ചൂണ്ടിക്കാട്ടുന്നത് സംഘടനാ ദൗര്‍ബല്യവും സംസ്ഥാന അധ്യക്ഷന്റെ തെറ്റായ തീരുമാനങ്ങളുമാണ്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെ തന്ത്രപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ശ്രീധരന്‍പിള്ള. കുമ്മനം തോറ്റതോടെ പ്രധാന ബിജെപി നേതാക്കള്‍ തമ്മില്‍ ഫോണില്‍ പോലും ആശയവിനിമയം നടന്നിട്ടില്ലെന്നാണ് സൂചന. വോട്ടെണ്ണല്‍ ദിവസം തലസ്ഥാനത്തുണ്ടായിരുന്ന ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനും തലസ്ഥാനത്തെ തോല്‍വിയെക്കുറിച്ച് ഒരു വാക്കുപോലും പരസ്പരം സംസാരിച്ചിട്ടില്ല.

തോല്ക്കാന് കാരണം അപ്രതീക്ഷിതകേന്ദ്രങ്ങളിലെ അടിയൊഴുക്കാണെന്ന് തന്നെയാണ് കുമ്മനത്തിന്റെയും വിശ്വാസം. തിരുവനന്തപുരത്ത് മറ്റു ജില്ലകളില്‍നിന്നുള്ള ആര്‍എസ്എസുകാര്‍ തമ്പടിച്ചപ്പോള്‍ ബിജെപി ജില്ലാ നേതൃത്വം നിഷ്ക്രിയമായി. അതിനിടെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പും തലസ്ഥാനത്ത് ഉദയംചെയ്തിട്ടുണ്ട്.

