കുന്തിപ്പുഴ വഴി മാറി ഒഴുകുന്നു
പാലക്കാട്: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ കുന്തിപ്പുഴ വഴി മാറി ഒഴുകുന്നു. ഒരേക്കര്‍ പ്രദേശത്തെ കൃഷി സ്ഥലം കവര്‍ന്നാണ് പുതിയ ദിശ. സൈലന്റ് വാലിയിലൂടെ ഒഴുകി ഭാരതപ്പുഴയിലേക്ക് ചേരുന്ന പ്രധാന പുഴകളിലൊന്നാണ് കുന്തിപ്പുഴ. നേരത്തെ പുഴ ഒഴുകിയിരുന്ന വഴിയില്‍ ചെറിയ നീര്‍ച്ചാലാണ് ഇപ്പോള്‍. അര കിലോമീറ്ററോളം വളഞ്ഞ് തത്തേങ്ങലം ഭാഗത്താണ് പുഴ വഴിമാറിയൊഴുകിയത്.
കയ്യേറിയ സ്ഥലങ്ങളെല്ലാം പുഴ തിരിച്ചുപിടിച്ചു. ഒപ്പം സമീപപ്രദേശത്ത് കൃഷിനാശവുമുണ്ട്. പുഴയ്ക്കിരുവശവും കൂറ്റന്‍ മരങ്ങളും പാറക്കല്ലുകളും അടിഞ്ഞുകൂടിയിരിക്കുകയാണ്. പുഴ ഗതിമാറിയൊഴുകുന്നതിനെ അപൂര്‍വ്വ പ്രതിഭാസമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.സ്വാഭാവിക പാത തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ കൊണ്ട് ഒരു പുഴ സ്വയം നടത്തുന്ന ക്രമീകരണം. പുതിയ മണല്‍തിട്ടയും നദീതീരവും കാണാന്‍ കുന്തിപ്പുഴയോരത്തേക്ക് നിരവധിപേരാണത്തുന്നത്.

