KOYILANDY DIARY.COM

The Perfect News Portal

കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നുകള്ളഞ്ഞ സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

കൊച്ചി: പിഞ്ചുകുഞ്ഞിനെ ഇടപ്പള്ളി പള്ളി പാരിഷ് ഹാളില്‍ ഉപേക്ഷിച്ച്‌ കടന്നുകള്ളഞ്ഞ സംഭവത്തില്‍ പിതാവ് പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് ക്വോര്‍ട്ടേസിന് സമീപം താമസിക്കുന്ന ബിറ്റോയാണ് കസ്റ്റഡിയിലുള്ളത്. ഇന്ന് രാവിലെ എട്ടോടെയാണ് എളമക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വടക്കാഞ്ചേരിയിലെ ബിറ്റോയുടെ വീട്ടിലെത്തി ഇയാളെ പിടികൂടിയത്.

കുഞ്ഞിന്റെ അമ്മയെക്കുറിച്ച്‌ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല. പ്രസവം നടന്ന് ഏതാനും ദിവസം മാത്രം ആയതിനാല്‍ ഇവരോട് സുരക്ഷിതമായി ഇന്ന് തന്നെ എളമക്കര സ്റ്റേഷനില്‍ എത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. അതേസമയം, രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഇടപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ നോക്കാനുള്ള സാമ്ബത്തികശേഷി ഇല്ലാത്തതാണ് നാലാമത്തെ കുട്ടിയെ ഉപേക്ഷിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്നാണ് ബിറ്റോ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഇയാളെ രാവിലെ എളമക്കര സ്റ്റേഷനില്‍ എത്തിക്കും. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യും. ഇതിന് ശേഷമെ മറ്റ് നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളൂ. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പൊലീസിനെ വടക്കാഞ്ചേരിയിലെത്തിച്ചത്.

Advertisements

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പള്ളിയിലെത്തിയ ദമ്ബതികള്‍ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്ന് കളഞ്ഞത്. ഇവിടുത്തെ സെക്യൂരിട്ടി ജീവനക്കാരനാണ് പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്. ഉടന്‍ തന്നെ പള്ളിവികാരിയെ വിവരം അറിച്ചു. പള്ളിവികാരിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് പാരിഷ് ഹാളിലെത്തി സി.സി.ടി.വി ക്യാമറ പരിശോധിച്ചു. അപ്പോഴാണ് ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച്‌ ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ ഒരു യുവാവും ഒന്നിച്ചു നടന്നു വരുന്നത് പള്ളിയ്ക്ക് മുന്നിലെ സി.സി.ടി.വി ക്യാമറയിലും പതിഞ്ഞിരുന്നു. ഇതിന് ഏതാനും മിനിട്ടുകള്‍ക്ക് ശേഷമാണ് ഇതേ യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു. കുഞ്ഞിനെ ചുംബിച്ചതിന് ശേഷമാണ് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത്. അതുകൊണ്ട് തന്നെ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണക്കുകൂട്ടയിരുന്നു. കൊച്ചിയിലെ റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് അദ്യം പൊലീസ് അന്വേഷണം നടത്തിയത്. ദൃശ്യങ്ങള്‍ പള്ളിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.

ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചു ?
ഉപേക്ഷിച്ച കുട്ടിയുള്‍പ്പടെ നാലുമക്കളാണ് ബിറ്റോയ്ക്കുള്ളത്. ഒടുവിലത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച വിവരം ഇരുവരുടെയും വീട്ടില്‍ അറിയിച്ചിരുന്നില്ല. ദിവസങ്ങള്‍ മുന്നോട്ട് പോകുംതോറും വീട്ടുകാര്‍ക്ക് സംശയമായി. എന്നാല്‍, ഗ്യാസിന്റെ അസുഖമാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. പ്രസവം അടുത്തതോടെയാണ് വിവരങ്ങള്‍ വീട്ടുകാര്‍ അറിയുന്നതെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താല്‍ മാത്രമെ കുട്ടിയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച വിവരം എന്തെന്ന് കണ്ടെത്താനാകൂ.

Share news

Leave a Reply

Your email address will not be published. Required fields are marked *