കീഴൂർ ജ്ഞാനോദയം ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

പയ്യോളി: അഴുക്കുപോലെ തള്ളിമാറ്റപ്പെടുന്ന പാവങ്ങളോട് നിങ്ങള്‍ പൗരന്മാരല്ല ഇവിടുന്നു പോയ്ക്കൊള്ളൂ എന്നു പറയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം. മുകുന്ദന്. കീഴൂര്‍ ജ്ഞാനോദയം ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണമില്ലാതെ, കുടിക്കാന്‍ വെള്ളമില്ലാതെ, ചികിത്സിക്കാന്‍ ആശുപത്രിയില്ലാതെ, വിദ്യാഭ്യാസം കിട്ടാതെ ദുരിതജീവിതം നയിക്കുന്ന ജനതയോടാണ് ഭരണാധികാരികള്‍ ഇങ്ങനെ പറയുന്നത്.
ഇതിനെതിരേ സാമൂഹികമായ ജാഗ്രത വളര്‍ത്തിയെടുക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. പുസ്തക വായനയിലൂടെ ആര്‍ജിച്ചെടുത്ത സാമൂഹികബോധവും നീതിബോധവുമാണ് അതിനുള്ള കൈമുതല്‍. ഉന്നാവ് ബലാത്സംഗം പോലുള്ള സംഭവമെല്ലാം ഉത്തേരന്ത്യയില്നിന്ന് പുറത്തുവരുന്നത് മാധ്യമങ്ങളുടെ ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വായനശാലകളാണ് നാടിനും സമൂഹത്തിനും ഉണര്‍വും ഉയര്‍ച്ചയും ഉണ്ടാക്കുന്നതെന്നും പരിഷ്കൃത സമൂഹമുള്ളിടത്തെല്ലാം പുസ്തകം ഉണ്ടാവുമെന്നും ചടങ്ങില്‍ സംസാരിച്ച യു.കെ. കുമാരന് പറഞ്ഞു. വായനശാല സ്ഥാപകാംഗങ്ങളായ ലൈബ്രേറിയന്‍ സി.കെ. കേളു, കെ.ടി. ഗോപാലന് എന്നിവരെ യു.കെ. കുമാരന് ആദരിച്ചു. നാട്ടുകാര്‍ സംഭാവന ചെയ്ത പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. അപ്പുക്കുട്ടന് ഏറ്റുവാങ്ങി.

നഗരസഭാ ചെയര്‍പേഴ്സണ്‍ വി.ടി. ഉഷ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് കെ.വി. ചന്ദ്രന്, സി. കുഞ്ഞമ്മദ്, പി. വേണു, ടി. ചന്തു, പി.വി. രാമചന്ദ്രന്, വായനശാലാ പ്രസിഡന്റ് പി. ഹരിദാസന്, സെക്രട്ടറി പി.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വള്ളില്‍ രാജഗോപാലന്‍, സി.എച്ച്. ബാലകൃഷ്ണന്, കെ.കെ. ശശി എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി.

