കാര്‍ഷിക-മൃഗ പരിപാലനരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി കൊയിലാണ്ടിയില്‍ വെറ്ററിനറി സര്‍വകലാശാല പ്രാദേശിക കേന്ദ്രം വരുന്നു

കൊയിലാണ്ടി: നടേരി കാവുംവട്ടം വലിയമലയില്‍ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊയിലാണ്ടി നഗരസഭയുടെ കൈവശമുള്ള വലിയമലയിലെ അഞ്ചേക്കര്‍ സ്ഥലത്താണ് വയനാട് പൂക്കോട് കേന്ദ്രമായുള്ള വെറ്ററിനറി സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നത്.
ഇതിന്റെ മുന്നോടിയായി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയായ കല്‍പ്പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രന്, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു എന്നിവര്‍ നടേരി വലിയമല സന്ദര്‍ശിച്ചു. കെ. ദാസന് എം.എല്‍.എ., നഗരസഭാ ചെയര്മാന് അഡ്വ: കെ. സത്യന് എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി.

നഗരസഭയുടെ കൈവശമുള്ള സ്ഥലം സര്‍വകലാശാലയ്ക്ക് 30 വര്‍ഷത്തേക്ക് ലീസിന് നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് രേഖകള്‍ ഒപ്പിട്ടാല്‍ സെപ്റ്റംബര്‍ മാസത്തില്‍ത്തന്നെ സര്‍വകലാശാല പ്രാദേശിക കേന്ദ്രത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു പറഞ്ഞു.

കാര്‍ഷികമേഖലയില്‍ താത്പര്യമുള്ള യുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍വകലാശാല സഹായം നല്‍കും. അതുകൂടാതെ അഞ്ച് പ്രധാന കോഴ്സുകളും ഇവിടെ തുടങ്ങും. പൗള്‍ട്രി പ്രൊഡക്ഷന്‍, ലൈവ് സ്റ്റോക്ക് പ്രോഡക്ഷന്‍, ഡെയറി എന്റപ്രണര്‍ഷിപ്പ് എന്നീ ഡിപ്ലോമ കോഴ്സുകളാണ് തുടങ്ങുക. ക്ഷീരവികസന മേഖലയില്‍ ശില്‍പ്പശാല, പരിശീലന പരിപാടികള്‍ എന്നിവയും നടത്തും. കൂടാതെ വിവിധയിനം കന്നുകാലികളുടെ പ്രദര്‍ശനം, വില്‍പ്പനകേന്ദ്രം എന്നിവയും ആരംഭിക്കും. ക്ഷീരകര്‍ഷകര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിവിധ യൂണിറ്റുകളും മികച്ച കന്നുകുട്ടികളെ ഉത്പാദിപ്പിക്കുന്ന യൂണിറ്റും ഇവിടെ ആരംഭിക്കുമെന്നറിയുന്നു.

നടേരി വലിയമല സര്‍വകലാശാല പ്രാദേശിക കേന്ദ്രം തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലമാണെന്ന് അധികൃതര്‍ പറഞ്ഞു. തുടക്കത്തില്‍ പത്തുകോടി രൂപയെങ്കിലും പ്രാദേശികകേന്ദ്രം തുടങ്ങാന്‍ വേണ്ടിവരും. സര്‍വകലാശാലാ കേന്ദ്രം വരുന്നതിനു മുന്നോടിയായി വലിയമലയിലേക്ക് 11 കെ.വി വൈദ്യുതലൈന്‍ വലിക്കണമെന്ന് സര്‍വകലാശാലാധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വലിയമലയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. വെറ്ററിനറി സര്‍വകലാശാല പ്രാദേശികകേന്ദ്രം വരുന്നതോടെ കുടിവെള്ളപദ്ധതിയും വേണ്ടിവരും. അതേപോലെ വലിയമലയിലേക്കുള്ള നിലവിലുള്ള റോഡ് വികസിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ കോളനിയിലേക്ക് ടാര്‍ചെയ്ത റോഡുണ്ടെങ്കിലും വെറ്ററിനറി സര്‍വകലാശാലാ കേന്ദ്രം പോലുള്ള വലിയ സ്ഥാപനങ്ങള്‍ വരുമ്പോള്‍ കുറേക്കൂടി റോഡുവികസനം അനിവാര്യമാണ്. കൊയിലാണ്ടിയുടെ കാര്‍ഷിക-മൃഗ പരിപാലനരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വെറ്ററിനറി സര്‍വകലാശാല പ്രാദേശിക കേന്ദ്രത്തിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
