KOYILANDY DIARY.COM

The Perfect News Portal

കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മൂന്നുപേരെ പോലീസ് പിടികൂടി

കോഴിക്കോട്: ആയുധങ്ങളുപയോഗിച്ച്‌ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മൂന്നുപേരെ പോലീസ് പിടികൂടി. ചക്കുംകടവ് കുറുപ്പന്‍വീട്ടില്‍ ചക്കുംകടവ് അബ്ദുറഹിമാന്‍ എന്ന അബ്ദുറഹിമാന്‍ (48), പെരുവയല്‍ പള്ളിത്താഴം കറുത്തേടത്ത് അബ്ദുള്‍കരീം (47), കൂരാച്ചുണ്ട് പാറയില്‍വീട്ടില്‍ മുത്തുവെന്ന മുസ്തഫ (34) എന്നിവരെയാണ് നടക്കാവ് സി.ഐ. ടി.കെ. അഷ്റഫും ക്രൈം സ്ക്വാഡും ചേര്‍ന്ന് അറസ്റ്റുചെയ്തത്.

ആര്‍ക്കും സംശയം തോന്നാത്തവിധം പകല്‍ ബൈക്കില്‍ സഞ്ചരിച്ച്‌ പൂട്ടിയിട്ട വീടുകള്‍ കണ്ടുവെച്ച്‌ രാത്രി മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിനുപുറമെ മയക്കുമരുന്ന് വില്പനയിലും ഏര്‍പ്പെട്ടിട്ടുള്ള ഇവര്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പടനിലം മാലക്കോത്ത് മുഹമ്മദ് അന്‍സാറിന്റെ വീട്ടില്‍നിന്ന് സ്വര്‍ണവും ഇലക്‌ട്രോണിക് വസ്തുകളും കവര്‍ന്നത് ഇവരാണെന്ന് വ്യക്തമായിട്ടുണ്ട്.

ഇതിനുപുറമേ പതിമംഗലം എടപ്പുടത്തില്‍ ഫൈസലിന്റെ വീട്ടില്‍നിന്നും വിദേശകറന്‍സിയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ബാലുശ്ശേരി മാധവത്തില്‍ അജിത് കുമാറിന്റെ വീട്ടില്‍ നിന്ന് കംപ്യൂട്ടര്‍, ചേവായൂര്‍ അരിക്കോട്ട് മീത്തല്‍ രാജന്റെ വീട്, കൊടുവള്ളി തച്ചിലിലേടത്ത് റഷീദിന്റെ വീട് എന്നിവിടങ്ങളിലും ഇവരാണ് കവര്‍ച്ചനടത്തിയതെന്ന് പോലീസ് പറഞ്ഞു.

Advertisements

കോഴിക്കോടിനുപുറമേ മലപ്പുറം, വയനാട് ജില്ലകളിലും കവര്‍ച്ചനടത്തിയിട്ടുള്ള ഇവര്‍ വീടിന്റെ മുന്‍വാതിലും പിന്‍വാതിലും തകര്‍ത്താണ് അകത്തുകടന്നിരുന്നത്. അന്വേഷണസംഘത്തില്‍ ചേവായൂര്‍ എസ്.ഐ. യു.കെ. ഷാജഹാന്‍, എ.എസ്.ഐ. അരവിന്ദാക്ഷന്‍, ക്രൈംസ്ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, മുഹമ്മദ് ഷാഫി, കെ. സജി, ടി.പി. ബിജു, രണ്‍ദീര്‍, അഖിലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *