കഴിഞ്ഞ വര്‍ഷം ലഭിച്ച മീനുകളുടെ കണക്കുകള്‍ പുറത്തിറക്കും: സി.എം.എഫ്.ആര്.ഐ

കൊച്ചി: ഇന്ത്യന്‍ കടല്‍ തീരങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മത്സ്യബന്ധനത്തിലൂടെ ലഭിച്ച മീനുകളുടെ കണക്കുകള്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ.) വ്യാഴാഴ്ച പുറത്തിറക്കും. ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്തിന്റെ ലഭ്യതയെകുറിച്ച് കണക്ക് തയ്യാറാക്കുന്നത് സി.എം.എഫ്.ആര്.ഐ യാണ്.
ഓരോ വര്‍ഷവും സി.എം.എഫ്.ആര്.ഐ പുറത്ത് വിടുന്ന സമുദ്രമത്സ്യ ലഭ്യതയുടെ വിവരങ്ങളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ക്കും മറ്റ് പഠനങ്ങള്‍ക്കും ആധാരമാക്കുന്നത്. എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 1511 ലാന്‍ഡിംഗ് സെന്ററുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ സമാഹരിച്ചാണ് സി.എം.എഫ്.ആര്.ഐ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞുവരികയാണ്. മത്തിയുടെ ലഭ്യതയിലുണ്ടായ കുറവാണ് കേരളത്തിന്റെ മത്സ്യമേഖലക്ക് വലിയ തിരിച്ചടിയായത്. 2012 ന് ശേഷം ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ മത്സ്യലഭ്യത കുറഞ്ഞുവരുന്നതായാണ് കണ്ടെത്തല്‍. 2015 ല്‍ മാത്രം അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയില്‍ 55 ശതമാനമാനമാണ് കുറവുണ്ടായത്.

2012 ന് ശേഷം കേരളത്തിന്റെ മത്സ്യമേഖലയില്‍ പതിനായിരം കോടിയുടെ നഷ്ടം സംഭവിച്ചതായാണ് സി.എം.എഫ്.ആര്.ഐ.യുടെ കണക്ക്. സി.എം.എഫ്.ആര്.ഐ.യുടെ 2016ലെ സമുദ്ര മത്സ്യലഭ്യതയെകുറിച്ചുള്ള റിപ്പോര്‍ട്ടിനെ ഇന്ത്യന്‍ മത്സ്യമേഖല വളരെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

