കല്ലാച്ചി സബ് ട്രഷറിയില്‍ ആറാം പ്രവൃത്തി ദിവസവും പെന്ഷന് വിതരണം അവതാളത്തിലായി

നാദാപുരം: ബാങ്കില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ കല്ലാച്ചി സബ് ട്രഷറിയില്‍ ആറാം പ്രവൃത്തി ദിവസവും പെന്ഷന് വിതരണം അവതാളത്തിലായി. കല്ലാച്ചി സബ് ട്രഷറിയിലേക്ക് എസ്.ബി.ടി. കല്ലാച്ചി ശാഖയില്‍ നിന്നാണ് പണം വിതരണം ചെയ്യുന്നത്. എന്നാല്‍ ഓരോ ദിവസവും ആവശ്യമായത്ര പണം ബേങ്കില്‍ നിന്ന് ലഭിക്കുന്നില്ല എന്നാണു ട്രഷറി ജീവനക്കാര്‍ പറയുന്നത്. അതിനാല്‍ തന്നെ കുറച്ചു പെന്‍ഷന്‍കാര്‍ക്ക് പണം വിതരണം ചെയ്ത ശേഷം ബാക്കിയുള്ളവരെ അടുത്ത ദിവസം വരാനായി പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. തിങ്കളാഴ്ച മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്.
പെന്ഷന് കിട്ടുമെന്ന് കരുതി അതിരാവിലെ തന്നെ എത്തി പാസ്ബുക്കും തുകയെഴുതിയ ചെക്ക് ലീഫും വെച്ച് ഉച്ചക്ക് രണ്ട് മണി വരെ കാത്തിരുന്നവര്‍ നിരാശരായി മടങ്ങേണ്ടി വന്നു. ആറാം പ്രവൃത്തി ദിവസമായ ഇന്നലെയും വന്‍ തിരക്കാണ് ട്രഷറിയില്‍ അനുഭവപ്പെട്ടത്. ബേങ്കില്‍ നിന്ന് ആറ് ലക്ഷം രൂപ ലഭിച്ചെങ്കിലും, തലേദിവസം ചെക്ക് നല്‍കിയവര്‍ക്ക് കൊടുത്തതിന് ശേഷമെ മറ്റുള്ളവര്‍ക്ക് പണം കൊടുക്കൂ എന്നറിഞ്ഞതോടെ കുറെ പേര് മടങ്ങിപ്പോയി.
