KOYILANDY DIARY.COM

The Perfect News Portal

കലയും സംസ്കാരവും പാര്‍ശ്വവത്കരിക്കുന്നതിലൂടെ മത്സരത്തിന്റെ ദുരാചാരത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്; കവി കെ. സച്ചിദാനന്ദന്‍

കോഴിക്കോട്: അറിവ് അധികാരത്തെ സേവിക്കാനുള്ളതാണെന്ന വിദ്യാഭ്യാസ ബോധമാണ് ഇന്നുള്ളതെന്ന് കവി കെ. സച്ചിദാനന്ദന്‍ പറഞ്ഞു. കെ.എ.എച്ച്‌.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തില്‍ വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവിനെ വിഭജിച്ച്‌ സമഗ്രജ്ഞാനം ഇല്ലാതാക്കുന്ന ഒന്ന് വിദ്യാഭ്യാസ പദ്ധതികളില്‍ ഉണ്ട്. നമ്മള്‍ പഠിക്കുന്നത് രാജാക്കന്‍മാരുടെയും നേതാക്കളുടെയും ചരിത്രം മാത്രമാണ്. എന്നാല്‍ ചരിത്രത്തെ നിര്‍ണയിക്കുന്ന ജനങ്ങളെക്കുറിച്ച്‌ പഠിക്കുന്നില്ല. സ്വാതന്ത്ര്യസമര ചരിത്രത്തില്‍പ്പോലും ഇത് കാണാം. നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്നത് ശരിയാണ്. എന്നാല്‍ തെരുവിലേക്കിറങ്ങിയ, തൂക്കിലേറ്റപ്പെട്ട ജനങ്ങളുടെ ത്യാഗം കാണില്ല.

അതുപോലെ ശാസ്ത്രത്തെ സൂത്രവാക്യങ്ങളാക്കി ശാസ്ത്രീയ സമീപനം ഇല്ലാതാക്കി മാറ്റി. ചോദ്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാണ് ശാസ്ത്രീയ സമീപനം. എന്നാല്‍ പുരാണം ശാസ്ത്രമായി മാറുന്ന രീതിയില്‍ വിദ്യാഭ്യാസം അധഃപതിച്ചിരിക്കുന്നു.

വിവേചനങ്ങളെ മറച്ചുവെക്കുന്ന ചൂഷണ വ്യവസ്ഥ സ്വാഭാവികമാണെന്ന ചിന്തയാണ് പാഠപുസ്തകം പഠിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ മുതലാളിത്തത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇതിലൂടെ സ്വായത്തമാക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും ഇങ്ങനെ ചിന്തിക്കുമ്പോള്‍ അര്‍ഥവത്തായ രാഷ്ട്രീയം ഉണ്ടാകില്ല. മത്സരത്തിന് തയ്യാറാക്കുക മാത്രമാണ് ചെയ്യുന്നത്. യുവജനോത്സവങ്ങള്‍ അശ്ലീലത്തിന്റെ മത്സരമായി മാറുന്നു. കലയും സംസ്കാരവും പാര്‍ശ്വവത്കരിക്കുന്നതിലൂടെ മത്സരത്തിന്റെ ദുരാചാരത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. വിവേചനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതാണെന്ന തിരിച്ചറിവാണ് രാഷ്ട്രീയബോധമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

വിദ്വേഷം വളരുന്ന കാലത്ത്, പലരോടും പാകിസ്താനിലേക്ക് പോകാന്‍ പറയുന്ന സമയത്ത് മതേതരത്വം പഠിപ്പിക്കണം. അതുപോലെ ലിംഗവ്യത്യാസമില്ലാതെ സമഭാവം വളര്‍ത്തണം. ഒപ്പം പ്രകൃതിയുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കണം. മനുഷ്യരെ ഒന്നിപ്പിക്കുന്ന ഉള്ളമാണ് സ്നേഹമെന്ന ചിന്ത ഉണ്ടാക്കണം. പഴയകാലത്തേതുപോലെ സമൂഹത്തിന്റെ കൂടി അധ്യാപകരാവാന്‍ ഇന്നുള്ളവര്‍ ശ്രദ്ധിക്കണം.

ചീത്ത അധ്യയനത്തോടെയുള്ള രാഷ്ട്രീയവും ചീത്ത രാഷ്ട്രീയത്തോടെയുള്ള അധ്യയനവും ഒരുപോലെ അപകടകരമാണെന്ന് ഓര്‍ക്കണം. ഇന്ന് ക്ലാസ് മുറികളില്‍ സഹകരണം കുറവും അനുസരണം കൂടുതലുമാണ്. പാഠപുസ്തകങ്ങള്‍ക്കപ്പുറം ക്ലാസ് മുറികള്‍ സര്‍ഗാത്മകവും നീതിബോധവും സമത്വവും നിറഞ്ഞതായാല്‍ മാത്രമേ വിദ്യാഭ്യാസം മികച്ചതാകൂവെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *