കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് കാണാതായ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചിലില്‍ ചെന്നൈയില്‍ നിന്ന് എത്തിയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി പങ്കുചേര്‍ന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരും. അതിനിടെ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് മലബാറില്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന് വ്യക്തമാക്കി.
ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയവര്‍ക്കായി രാപ്പകലില്ലാതെ തിരച്ചിലാണ് നാട്ടുകാരും ദുരന്തനിവാരണ സേനയും. കാലാവസ്ഥ തീര്‍ത്തും അനുകൂലമായതോടെ അത് യുദ്ധകാലടിസ്ഥാനത്തില്‍ തുടരുകയും ചെയ്യുന്നു. ചെന്നൈയില്‍ നിന്ന് എത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ 39 അംഗങ്ങള്‍ കൂടി തിരച്ചിലിന് ഇറങ്ങിയതോടെ വലിയ പ്രതീക്ഷയായി. ഒപ്പം സന്നദ്ധ പ്രവര്‍ത്തകരും ഫയര്‍ഫോഴ്സും ഡോഗ്സ്കോഡുമെല്ലാം ഉണ്ട് കരിഞ്ചോലമലയുടെ താഴ്വരയില്. ഇടക്കിടെ ഫര്‍ണ്ണിച്ചറുകളും വീട്ടുപകരണങ്ങളും കണ്ടുകിട്ടുമ്ബോള് പ്രതീക്ഷയേറുകയാണ്.

മലവെള്ളപ്പാച്ചിലില്‍ വീട് ഒലിച്ചുപോയ കരിഞ്ചോല ഹസ്സന്റെയും അബ്ദുറഹിമാന്റയും വീട്ടുകാരേയുമാണ് ഇനികണ്ടെത്താനുള്ളത്. പടുകൂറ്റന്‍ പാറകള്‍ പൊട്ടിച്ചും കുന്നുകൂടിയ മരക്കൊമ്ബുകള്‍ നീക്കിയും അത് തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ടിപി രാമകൃഷ്ണന് കട്ടിപ്പാറയിലെത്തി. ദുരന്തമുണ്ടായാല്‍ ഉടനടി നേരിടാന്‍ നിവാരണ സേനയുടെ ഒരു സംഘത്തെ മലബാറില്‍ സ്ഥിരമായി നിലയുറപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തിരച്ചില്‍ തുടരുന്നതോടൊപ്പം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരും. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കുമായുള്ള സഹായം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി. അതിനിടെ വിവാദമായ പിവി അന്‍വര്‍ എംഎല്‍എ യുടെ പാര്ക്കിന് സമീപത്തും മണ്ണിടിച്ചില്‍ ഉണ്ടായി. കക്കാടംപൊയിലില്‍ ആദിവാസി കോളനിയുടെ മുകള്‍ ഭാഗത്തായാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഈ പ്രദേശത്തും ജില്ലാ ഭരണകൂടം പരിശോധന നടത്തും.




