ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് അഖിലേന്ത്യാ സമ്മേളനം
കോഴിക്കോട്: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രവും നീതിയുക്തവുമായ പാരമ്പര്യം തിരികെപിടിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും കൂട്ടായി പരിശ്രമിക്കണമെന്ന് ദി ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് ചെയര്മാന് എന്‍ റാം അഭിപ്രായപ്പെട്ടു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ‘മാധ്യമ സ്വാതന്ത്ര്യം വര്‍ത്തമാനകാല ഇന്ത്യയില്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം അസൂയാവഹമായിരുന്നു. അതിന് നേതൃത്വം നല്കിയവരില് മലയാളികളടക്കം നിരവധിയാളുകളുണ്ട്. വിധിപ്രസ്താവങ്ങള്‍ നടത്തുന്ന കോടതികള്‍ ഭരണകൂടം ആവശ്യപ്പെടുന്ന രീതിയില്‍ വഴങ്ങുന്നുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍നിന്നും നീതിന്യായ വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ ശക്തമായ പ്രചാരണം നടത്തണം. അയോധ്യ കേസില്‍ പള്ളി തകര്‍ത്തതും പ്രതിഷ്ഠ നടത്തിയതും തെറ്റാണെന്ന് കണ്ടെത്തിയ കോടതി വിചിത്രമായ വിധിയാണ് പുറപ്പെടുവിച്ചത്.

കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകഴിഞ്ഞ ശേഷം തന്റെ സഹപ്രവര്‍ത്തകനെ കാണാനെത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി രാഷ്ട്രീയം പറയരുതെന്ന് കോടതി നിര്‍ദേശമുണ്ടായി. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയം സംസാരിക്കരുത് എന്ന് ഉത്തരവിറക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കോടതികള്‍ക്കുമേല്‍ പലപ്പോഴും സമ്മര്‍ദമുണ്ടാകുന്നു എന്നതിന് ഉദാഹരണമാണ് പി ചിദംബരത്തിന്റെ കേസ്.

രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. 1992നു ശേഷം 50 ജേര്‍ണലിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 2014ല്‍ മാത്രം പത്തുപേര്‍ കൊല്ലപ്പെട്ടു. വര്‍ഗീയതക്കും അഴിമതിക്കുമെതിരായും മനുഷ്യാവകാശത്തിനു വേണ്ടിയും എഴുതിയവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരു കേസിലും ഇതുവരെയും വിധിപറഞ്ഞിട്ടില്ല, ആരും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഞെട്ടിക്കുന്ന അവസ്ഥയാണിത്– എന്‍ റാം പറഞ്ഞു.

ഗൂഢലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കോര്‍പറേറ്റുകള്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യാതിഥിയായ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് പറഞ്ഞു. വ്യക്തികളുടെ അന്തസ്സിനെ ബാധിക്കുന്ന രീതിയില്‍ മാധ്യമ ഇടപെടലുകള്‍ പാടില്ലെന്ന് കോടതികള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. ലോയേഴ്സ് യൂണിയന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ കെ നാരായണന് മോഡറേറ്ററായി. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി ജെ ജോഷ്വാ, മാതൃഭൂമി എഡിറ്റര്‍ മനോജ് കെ ദാസ്, മീഡിയാ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. ലോയേഴ്സ് യൂണിയന് സംസ്ഥാന ജോ. സെക്രട്ടറി കെ ജയരാജന് സ്വാഗതവും ജില്ലാ സെക്രട്ടറി ജോജു സിറിയക് നന്ദിയും പറഞ്ഞു.
