ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ കൂട്ട അവധി : സർക്കാരിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിക്ക് അപേക്ഷ കൊടുത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രശ്നങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ മുഖ്യമന്ത്രി ഉറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിജിലന്‍സ് ഡയറക്ടറുമായുള്ള ശീതസമരത്തെ തുടര്‍ന്ന് 25 ഐഎഎസ് ഉദ്യോഗസ്ഥരാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. നാളെ മുതല്‍ ഇവര്‍ അവധിയില്‍ പോകുമെന്നാണ് അറിയുന്നത്.
ഈ വിഷയത്തെ സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന് ആയുധമാക്കുകയാണ് പ്രതിപക്ഷം സംസ്ഥാനത്ത് ആറുമാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രി മാത്രമാണ് ഇതിന്റെ ഉത്തരവാദി. ഡിസംബര്‍ അഞ്ചിന് ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് വാങ്ങി തലയ്ക്ക് കീഴില്‍വച്ച് ഉറങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരം ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നും പരിഹരിച്ചില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് ഐഎഎസുകാര്‍ കൂട്ട അവധിയെടുക്കുന്നത്. അവരുടെ ന്യായങ്ങള്‍ കേള്‍ക്കുന്നില്ലെന്നും അവര്‍ക്കെതിരെ കേസെടുക്കുന്നുവെന്നുമാണ് പരാതി. കൂടാതെ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും ഇവര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 40 കോടിയുടെ അനധികൃത സ്വത്ത് അദ്ദേഹത്തിന് ഉണ്ടെന്നാണ് ആരോപണമെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ ഐഎഎസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നാളെ രാവിലെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെ രാവിലെ ഒമ്പതുമണിക്കാണ് ഐഎഎസ് അസോസിയേഷന് ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തുന്നത്. ജേക്കബ് തോമസിനെതിരെയുള്ള പരാതികള്‍ അടക്കം മുഖ്യമന്ത്രിയെ ഇവര്‍ ധരിപ്പിക്കുമെന്നാണ് അറിയുന്നത്.

