എസ്.ബി.ടി യില്‍ നിക്ഷേപിച്ച പഴയ നോട്ടുകളില്‍ വ്യാപക കള്ളനോട്ടുകള്‍

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് എസ്.ബി.ടി യില്‍ നിക്ഷേപിച്ച പഴയ നോട്ടുകളില്‍ വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തി. 12,000 കോടി രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചതില്‍ 8.78 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. നോട്ട് നിരോധന ശേഷം പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയധികം കള്ളനോട്ടുകള്‍ എത്തിയതായി ബാങ്ക് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
നോട്ട് മാറ്റിവങ്ങിയവരെ കുറിച്ചുള്ള എല്ലാ വിവരവും ബാങ്കില്‍ ഉള്ളതിനാല്‍ ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ വന്നശേഷം പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ വലിയ തിരക്കായിരുന്നു ബാങ്കുകളില്‍ അനുഭവപ്പെട്ടത്. ഈ തിരക്ക് മുതലെടുത്താണ് കള്ളനോട്ട് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

പഴയ 500, 1000 നോട്ടുകള്‍ മാറ്റി നല്കുമ്പോള് നോട്ടിന്റെ സീരിയല്‍ നമ്പര്‍ അടക്കം ഇടപാടുകാരന്റെ മറ്റ് വിവരങ്ങളും വാങ്ങിച്ച ശേഷമാണ് പുതിയ നോട്ടുകള്‍ നല്‍കിയത്. അതുകൊണ്ടു വ്യാജനോട്ട്നിക്ഷേപിച്ചവരെ ഉടന്‍ പിടികൂടാനാവുമെന്നാണ് ബാങ്ക് അധികൃതരും കരുതുന്നത്. കള്ളനോട്ട് നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ഒരുമിച്ചാക്കി ഇപാടുകാരുടെ വിവരങ്ങള്‍ പോലീസിന് കൈമാറാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം.

