എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡോഗ് ഫീഡിങ് സെൻ്ററുകൾ തുടങ്ങാൻ നിർദേശം
കോഴിക്കോട്: ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡോഗ് ഫീഡിങ് സെൻ്ററുകൾ തുടങ്ങാൻ നിർദേശം. അലഞ്ഞു തിരിയുന്ന തെരുവു നായകൾക്ക് നിശ്ചിത സമയത്ത് നിശ്ചിതസ്ഥലത്ത് ഭക്ഷണം നൽകുന്നതിനാണിത്. സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി എഗെയ്ൻസ്റ്റ് ആനിമൽസ് (എസ്.പി.സി.എ.) നിർവാഹകസമിതി യോഗമാണ് നിർദേശം മുന്നോട്ടു വെച്ചത്. പല സ്ഥലങ്ങളിലും ഇപ്പോൾത്തന്നെ സന്നദ്ധമായി ഭക്ഷണം നൽകുന്ന ഒട്ടേറെപ്പേരുണ്ട്. അത്തരം പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കാനാണ് നിർദേശം.

കൃത്യമായി ഭക്ഷണ വിതരണം നടത്തുന്ന ഇടങ്ങളിൽ തെരുവുനായകൾക്ക് ആക്രമണസ്വഭാവം കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. സുപ്രീംകോടതിവിധിയുടെയും മൃഗക്ഷേമബോർഡിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും മൃഗ സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങണമെന്നും യോഗം നിർദേശിച്ചു. മൃഗ പരിപാലനത്തിനായി പ്രത്യേകഫണ്ട് നീക്കിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


പരിക്കേൽക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന മൃഗങ്ങൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കാൻ എസ്.പി.സി.എ.ക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കാമെന്ന് കോർപ്പറേഷൻ ഉറപ്പുനൽകിയിരുന്നെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല. അക്കാര്യം കോർപ്പറേഷൻ ഭരണ സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും യോഗം തീരുമാനിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷയായി. വി.പി. ജമീല, ഡോ. രമാദേവി, ഡോ. കെ.കെ. ബേബി, എം. രാജൻ, പി.ടി.എസ്. ഉണ്ണി, കട്ടയാട്ട് വേണുഗോപാൽ, കാനങ്ങോട്ട് ഹരിദാസൻ, കെ. അജിത് കുമാർ, വി.പി. അഖിൽ എന്നിവർ സംസാരിച്ചു.

