എപിഎല്‍, ബിപിഎല്‍ വേര്‍തിരിവുകളില്ലാതെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം

തിരുവനന്തപുരം: എപിഎല്‍, ബിപിഎല്‍ വേര്‍തിരിവുകളില്ലാതെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്കാന് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനാവശ്യമായ 71.72 കോടി (71,71,71,600 രൂപ) അനുവദിക്കാനുമാണ് ഭരണാനുമതി.
യുഡിഎഫ് ഭരണകാലത്ത് ആനുകൂല്യവിതരണത്തിന്റെ പേരില്‍പ്പോലും കുരുന്നുകളില്‍ വേര്‍തിരിവുകള്‍ സൃഷ്ടിച്ച് അഴിമതിക്ക് കളമൊരുക്കിയ നടപടിക്ക് അന്ത്യംകുറിക്കുന്നതുകൂടിയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്. മുന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ എപിഎല്‍ ആണ്‍കുട്ടികള്‍ ഒഴികെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യൂണിഫോം അനുവദിച്ചിരുന്നത്. എന്നാല്‍, തുക നേരിട്ട് നല്‍കാതെ സ്വകാര്യ വസ്ത്രനിര്‍മാണ കമ്പിനികളെ ഏല്‍പ്പിക്കുകയായിരുന്നു. ഒട്ടുമിക്ക സ്കൂളുകളിലും യൂണിഫോം എത്തിയില്ല. കോടികളാണ് കമീഷന് ഇനത്തില്‍ യുഡിഎഫിലെ ഉന്നതര്‍ അടിച്ചുമാറ്റിയത്. ഈവര്‍ഷത്തെ യൂണിഫോം സ്കൂള്‍ തുറക്കുന്നതിന് മുമ്പ് നല്‍കാനുള്ള നടപടികള്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍തന്നെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളിലും എസ്എസ്എ ഫണ്ട് ഉപയോഗിച്ച് യൂണിഫോം നല്കി. തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളിലെ എപിഎല്‍ വിദ്യാര്‍ഥികള്‍ക്കും എയ്ഡഡ് സ്കൂളിലെ മുഴുവന്‍ കുട്ടികള്ക്കുംസൗജന്യ യൂണിഫോം അനുവദിക്കാന്‍ നടപടി ആരംഭിച്ചു. ഇതിന് ആവശ്യമായ 72 കോടിയോളം രൂപ അനുവദിച്ചതോടെ മുഴുവന്‍ കുട്ടികള്‍ക്കും പുത്തന്‍ യൂണിഫോം ലഭിക്കും.

അടുത്തവര്‍ഷം മുതല്‍ സ്കൂള്‍ യൂണിഫോം കൈത്തറിയായിരിക്കും. സ്കൂള്‍ തുറക്കുംമുമ്പുതന്നെ കൈത്തറി യൂണിഫോം വിതരണം പൂര്‍ത്തിയാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

