ഇന്ത്യന്‍ വ്യോമസേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി രഘുനാഥ് നമ്പ്യാര്‍ ഇന്നു ചുമതലയേല്‍ക്കും

തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ഇന്നു ചുമതലയേല്‍ക്കും. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം. ഇതിനു മുന്‍പ് അദ്ദേഹം വായുസേനയുടെ കിഴക്കന്‍ മേഖല കമാന്റിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 35 ഓളം യുദ്ധ വിമാനങ്ങള്‍, യാത്ര വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഏതാണ്ട് 4700 മണിക്കൂര്‍ പറത്തിയ പരിചയ സമ്ബത്തിനുടമയാണ് അദ്ദേഹം. പ്രധാന യുദ്ധ വിമാനങ്ങളിലൊന്നായ മിറാഷില്‍ മാത്രം 2300 മണിക്കൂറോളം പറത്തിയതിന്റെ ദേശീയ റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്. നാഷനല്‍ ഡിഫെന്‍സ് അക്കാഡമിയില്‍നിന്നും പഠിച്ചിറങ്ങിയ നമ്പ്യാര്‍ 1980ലാണ് വായുസേനയില്‍ ചേരുന്നത്.
അതിവിശിഷ്ട സേവാ മെഡലും കാര്‍ഗില്‍ യുദ്ധത്തിലെ മികച്ച സേവനത്തിനു വായുസേന മെഡലും എല്‍സിഎ ഫ്ലൈറ്റ് ടെസ്റ്റിംഗിനു വായുസേന മെഡല്‍ബാറും ലഭിച്ചിട്ടുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയോളം രൂപവരുന്ന വായുസേനയുടെ ബജറ്റ് നിയന്ത്രണം, ഭാവി തന്ത്രങ്ങള്‍ ആവിഷ്കരിക്കുക, പുതിയ യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങുക എന്നതാണ് ഡിസിഎഎസിന്റെ പ്രധാന ഉത്തരവാദിത്തം. എകെജിയുടെയും ഇ.കെ.നയനാരുടെയും കുടുംബമായ കണ്ണൂര്‍ ആയില്യത്തു കുടുംബത്തിലെ അംഗമാണ്.
