ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

വേങ്ങര: ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും പണമടങ്ങുന്ന പേഴ്സും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്ന വിരുതനെ പിടികൂടി. കോഴിക്കോട് പൂവാട്ടു പറമ്ബ് സ്വദേശി പ്രശാന്തിനെ (36)യാണ് വേങ്ങര എസ് ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ എത്തി ഇയാള്‍ ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നറിയിക്കുന്നു. ജോലിക്കു തയ്യാറാവുന്ന തൊഴിലാളികളെ രാവിലെ സ്വന്തം വാഹനമായ തുറന്ന വാഗണാറില്‍ തൊഴില്‍ കേന്ദ്രരത്തിലേക്കെന്ന വ്യാജേനകൊണ്ടുപോകുന്നു.
പ്രത്യേക സ്ഥലത്ത് ഇറക്കി ഇവരോട് പണിക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെടുകയും, പേഴ്സും ഫോണും ധരിച്ച വസ്ത്രങ്ങളും വാഹനത്തില്‍ വെച്ചാല്‍ മതി എന്നും അറിയിക്കുന്നു. തുടര്‍ന്ന് പണിസ്ഥലത്തേക്കു പോകുന്നതിന് വാഹനം വരുമെന്നറിയിച്ച് അവിടെ നിന്നും വാഗണാറുമായി മുങ്ങുന്നു. തൊഴിലാളികളുടെ ഫോണും, പേഴ്സില്‍ കരുതുന്ന സമ്ബാദ്യവും ഇയാള്‍ കൈക്കലാക്കുന്നു. ഇങ്ങനെ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ്്് പോലീസ് പറയുന്നത്.

എന്നാല്‍ ഇങ്ങനെ വഞ്ചിതരാവുന്ന തൊഴിലാളികള്‍ ആരും പരാതിപ്പെടാത്തത് കൊണ്ടു തന്നെ ഇയാള്‍ തട്ടിപ്പു തുടരുകയായിരുന്നു. കെ.എല്‍. 18കെ.71 34 നമ്ബര്‍ വാഹനമാണ് ഇതിനായി ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ചേറൂരില്‍ ഇങ്ങനെ ഇറക്കിവിട്ട തൊഴിലാളികള്‍ വേങ്ങര സ്റ്റേഷനില്‍ എത്തി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വേങ്ങര പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് ഞായറാഴ്ച പുലര്‍ച്ചെ പൂവാട്ടുപറമ്ബില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

