ഇടുക്കി – കുമളിക്ക് സമീപം പുലിയിറങ്ങി

ഇടുക്കി: ഇടുക്കി – കുമളിക്ക് സമീപം പുലിയിറങ്ങി. അമരാവതി ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വളര്‍ത്തു നായയെ കൊന്നതോടെ ഭീതിയിലാണ് പ്രദേശ വാസികള്‍. പുലിയെ പിടിക്കാന്‍ കെണിയൊരുക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നല്‍കി.
ഏതാനും ദിവസങ്ങളായി അമരാവതി ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇറങ്ങിയ പുലി നാലാംമൈല്‍ സ്വദേശിയായ ഇഞ്ചപ്പാറയ്ക്കല്‍ ബിനോയിയുടെ വളര്‍ത്തു നായയെ കൊന്നു. കാലിത്തൊഴുത്തിന് സമീപത്തായി കെട്ടിയിട്ടിരുന്ന നായയുടെ തല മാത്രമാണ് ശേഷിച്ചിരുന്നത്. നേരത്തെയും ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഇഞ്ചപ്പാറയ്ക്കല്‍ ബിനോയി പറയുന്നു.

ബിനോയിയുടെ പരാതിയില്‍ വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. സ്ഥലത്ത് പുലിയുടെ സാന്നിദ്ധ്യം വനം വകുപ്പ് സ്ഥിതീകരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ കൂടുതല്‍ ഭീതിയിലായി. വനത്തോട് ചേര്‍ന്ന ചെറിയ വഴികളാണ് ഇവിടെ സഞ്ചാരത്തിനായി ഉള്ളത്.

സന്ധ്യയായാല്‍ വെളിച്ചക്കുറവുള്ളതും നാട്ടുകാര്‍ക്ക് യാത്ര ദുഷ്കരമാക്കുന്നുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പെട്രോളിങ് നടത്താനും, ക്യാമറ ട്രാപ്പ് ഉള്‍പ്പെടെ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. വൈകാതെ പ്രദേശത്ത് കെണി സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മേഖലയില്‍ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

