KOYILANDY DIARY.COM

The Perfect News Portal

ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം

തിരുവനന്തപുരം> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം നല്‍കിയ വോട്ടര്‍മാരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. 13 ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലും, 4 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും, 5 നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 22 വാര്‍ഡുകളില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മാന്താട് വാര്‍ഡ് യുഡിഎഫില്‍ നിന്നും 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ്, യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. ബിജെപിയ്ക്ക് ഇവിടെ 9 വോട്ടാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ വാര്‍ഡുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ എല്‍ഡിഎഫിന് വര്‍ധിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്ക്കാലികമാണെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് സിപിഐ എം വ്യക്തമാക്കിയതാണ്. കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിനേ കഴിയൂവെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ അന്ന് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്.

Advertisements

ഇടതുപക്ഷത്തോട് യാതൊരു ശത്രുതയും ഈ ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്നില്ല. കുറവുകള്‍ കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിപിഐ എം തുടര്‍ന്നും നടത്തും. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരേയും അഭിവാദ്യം ചെയ്യുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *