ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യയെ നിയമിച്ചു
ഡല്‍ഹി : റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് 42 കാരനായ വിരാല്‍. ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ സെപ്തംബറില്‍ ഗവര്‍ണറായി നിയമിതനായതോടെ ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മൂന്നുവര്‍ഷത്തേക്കാണ് വിരാലിന്റെ നിയമനമെന്ന് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതേസമയം എന്നുമുതലാണ് നിയമനം എന്ന് വ്യക്തമാക്കിയിട്ടില്ല. ആര്‍ബിഐയില്‍ നാല് ഡെപ്യൂട്ടി ഗവര്‍ണറുടെ തസ്തികകളാണ് ഉള്ളത്. മുംബൈ ഐഐടിയില്‍നിന്നാണ് വിരാല്‍ ബിരുദം നേടിയത്.
സാമ്പത്തിക ശാസ്ത്രത്തിലും കംപ്യൂട്ടര്‍ സയന്‍സിലും ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്‌ഡി കരസ്ഥമാക്കി. 2008 ലാണ് സര്‍വകലാശാലയില്‍ അധ്യാപകനായി ചേര്‍ന്നത്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായിചേര്‍ന്ന് നിരവധി ഗവേഷണപ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. നോട്ടുഅസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ കഴിയാതെ ആര്‍ബിഐ പ്രയാസപ്പെടുന്നതിനിടെയാണ് പുതിയ നിയമനം.