അയോധ്യക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി

ഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി. അപ്പീലുകളില്‍ വാദം കേള്‍ക്കുന്ന കാര്യം, അന്തിമ വാദം, പരിഗണിക്കുന്ന ബെഞ്ച് എന്നീ കാര്യങ്ങള്‍ ജനുവരിയില്‍ തീരുമാനിക്കും. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് ജനുവരിയിലേക്ക് മാറ്റിയത്.
നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ എസ് അബ്ദുള്‍നസീര്‍, അശോക്ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. രാജ്യത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ പരിഗണിച്ച്, വിഷയം 2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം പരിഗണിച്ചാല്മതിയെന്ന ആവശ്യം കോടതി തള്ളിയിരുന്നു. അയോധ്യഭൂമി സുന്നി വഖഫ്ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല വിരാജ്മാന് തുടങ്ങിയ കക്ഷികള്‍ക്ക് വിഭജിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന് എതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

