അബുദാബിയിൽ അഗ്രികൾച്ചറൽ ജിനോം പ്രോഗ്രാം ആരംഭിച്ചു


അബുദാബി: കാർഷിക ജനിതക ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി കാർഷിക ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് അബുദാബി അഗ്രികൾച്ചറൽ ജിനോം പ്രോഗ്രാം ആരംഭിച്ചു. രോഗ പ്രതിരോധശേഷി ഉള്ളതും, ഉയർന്ന ഉൽപാദന ഗുണമുള്ളതുമായ ഇനങ്ങളെ തിരഞ്ഞെടുത്ത് കന്നുകാലികളുടേയും സസ്യങ്ങളുടേയും പരിപാലനത്തിനുള്ള ചെലവ് കുറയ്ക്കുക, പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം നീതിപൂർവ്വമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതുവഴി ഭക്ഷ്യസുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും, മെച്ചപ്പെട്ട സംവിധാനങ്ങൾ രൂപപ്പെടുത്തി ഭക്ഷ്യ സമൃദ്ധി ഉറപ്പാക്കുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്യങ്ങളുടേയും, മൃഗങ്ങളുടേയും, മത്സ്യങ്ങളുടേയും പ്രാദേശിക ഇനങ്ങളെ വികസിപ്പിക്കൽ, യുഎഇയുടെ കാലാവസ്ഥയും പരിസ്ഥിതിയും കണക്കിലെടുത്ത് മെച്ചപ്പെട്ട കാർഷിക ഉത്പാദനം ഉറപ്പാക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമായ പ്രവർത്തനങ്ങളാണ്.


