KOYILANDY DIARY.COM

The Perfect News Portal

അടിമാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഇടുക്കി: അടിമാലിയില്‍ കണ്ടെത്തിയ മൃതദേഹം പ്രദേശവാസിയായ കുഞ്ഞന്‍പിള്ളയുടെതാണെന്ന് തിരിച്ചറിഞ്ഞു. കുഞ്ഞന്‍പിള്ളയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തില്‍ കാണപ്പെട്ട മുറിപ്പാടുകള്‍ കൊലപാതകത്തിനിടയില്‍ സംഭവിച്ചതാണെന്ന സൂചനയും പോലീസ് നല്‍കുന്നു.

അടിമാലി വായിക്കലാകണ്ടത്ത് ഞായറാഴ്ച്ച ഉച്ചയോടെ കണ്ടെത്തിയ മൃതദേഹമാണ് അടിമാലി പതിനാലാം മൈല്‍ സ്വദേശി കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ളയുടെതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ അയല്‍വാസിയുടെ പുരയിടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കഴുത്തിലും തുടയിലും കൈയ്യിലും ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ടെന്നും വയറ്റില്‍ കുത്തേറ്റിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

കുഞ്ഞന്‍പിള്ളയുടെ ചെവികളിലൊരെണ്ണം വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലാണ്. അടിമാലിയിലെ വളക്കടയില്‍ ജോലി ചെയ്തുവരികയായിരുന്ന കുഞ്ഞന്‍പിള്ള ശനിയാഴ്ച്ച കടയില്‍ ജോലിക്കെത്തിയിരുന്നില്ല. വെള്ളിയാഴ്ച്ചയാണ് ബന്ധുക്കള്‍ ഇയാളെ അവസാനമായി കണ്ടതെന്നാണ് സൂചന. പാറക്കെട്ടുകള്‍ നിറഞ്ഞ വനമേഖലയോട് ചേര്‍ന്നായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നതിനാല്‍ കാല്‍വഴുതിയുണ്ടായ അപകടമരണമാണെന്നാണ് പോലീസും നാട്ടുകാരും ആദ്യം കരുതിയിരുന്നത്. എന്നാല്‍ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതോടെ സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഫോറന്‍സിക് വിദഗ്തരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Advertisements

കുഞ്ഞന്‍പിള്ളയുടെ വീട്ടില്‍ കുടുംബവഴക്കുണ്ടായിരുന്നതായുള്ള സൂചനയും പുറത്തുവരുന്നുണ്ട്. ഇയാളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും അയല്‍വാസികളേയും തിങ്കളാഴ്ച്ച പൊലീസ് ചോദ്യം ചെയ്തു. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍,മൂന്നാര്‍ ഡിവൈഎസ്പി അഭിലാഷ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ഉടന്‍ തന്നെ കൊലപാതകം നടത്തിയവര്‍ പിടിയിലാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *