അടിപ്പാത നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് CPIM ധർണ്ണ നടത്തി

കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ ഗേറ്റ് നിലനിന്ന സ്ഥലത്ത് അടിപ്പാത നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ മുന്‍ എം.എല്‍.എ. പി. വിശ്വന് ഉദ്ഘാടനം ചെയ്തു. അടിപ്പാത നിര്‍മാണത്തിന് ഒന്നാംഘട്ട പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വലിയ കോണ്‍ക്രീറ്റ് ബോക്സുകള്‍ നിര്‍മിച്ചിട്ട് ഒരുവര്‍ഷമായി. റെയില്‍വേ ട്രാക്കിനടിയില്‍ മണ്ണ് നീക്കി കോണ്‍ക്രീറ്റ് ബോക്സുകള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. ഈ പണിയാണ് അനന്തമായി നീളുന്നത്. കൊയിലാണ്ടി റെയില്‍വേ മേൽപാലം തുറന്നു കൊടുത്തതോടെ ബപ്പന്‍കാട് റെയില്‍വേ ഗേറ്റ് അടച്ചു പൂട്ടിയിരുന്നു. ഇതോടെ കോതമംഗലം ജി.എല്‍.പി. സ്കൂള്‍, അയ്യപ്പക്ഷേത്രം, വിഷ്ണു ക്ഷേത്രം, കൊയിലാണ്ടി നഗരസഭ ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള വഴി തടസ്സപ്പെട്ടു. മേൽപാലത്തില് കാല്‍നട യാത്രക്കാര്‍ക്ക് നടന്ന് പോകാന്‍ ഫുട്ട് പാത്ത് ഇല്ലാത്തതിനാല്‍ റെയില്‍പ്പാത മുറിച്ചുകടന്ന് പോകേണ്ടവര്‍ ദുരിതത്തിലായി. നഗരസഭാ ചെയര്മാന് അഡ്വ: കെ. സത്യന്, CPIM ഏരിയ കമ്മറ്റി അംഗം ടി.കെ. ചന്ദ്രന്, ലോക്കൽ സെക്രട്ടറി പി.കെ.ഭരതന്, വി. സുന്ദരന്‍, ടി.എം. വാസു എന്നിവര്‍ സംസാരിച്ചു.
