അക്ഷര വീട് രണ്ടാം ഘട്ട നിർമ്മാണം: എം.എൽ.എ.ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ചു.

കൊയിലാണ്ടി: നഗരസഭക്ക് കീഴിലുള്ള പെരുവട്ടൂർ അക്ഷര വീടിന് കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. അങ്കണവാടി, മാതൃ കേന്ദ്രം, വയോജന കേന്ദ്രം എന്നീ 3 കേന്ദ്രങ്ങൾ ഒരു കുടക്കീഴിൽ വരുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത സംസ്ഥാനത്തെ തന്നെ ആദ്യ മാതൃക പദ്ധതിയാണിത്.
ഏകദേശം 3000 സ്ക്വയർ ഫീറ്റ് വിസ്തൃതി വരുന്ന രീതിയിൽ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ അങ്കണവാടി, ശുചി മുറി, സ്റ്റോർ റൂം, അടുക്കള, എന്നിവയുടെ നിർമ്മാണം നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി ഒന്നാം നിലയുടെ നിർമ്മാണത്തിനാണ് ഇപ്പോൾ അനുവദിച്ച എം.എൽ.എ ഫണ്ട് വിനിയോഗിക്കുക.

ഇവിടെ മാതൃ പഠനകേന്ദ്രം, വയോജന കേന്ദ്രം, വാർഡ് ശുചിത്വ സമിതി ഓഫീസ്, വാർഡ് തല ജാഗ്രതാ സമിതി ഓഫീസ്, വാർഡ് കേന്ദ്രം എന്നിവയാണ് ഉൾപ്പെടുക. രണ്ടാം നിലയിൽ ഒരു സെമിനാർ ഹോൾ എന്നിങ്ങനെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാകുന്നതോടെ നിർമ്മാണം ആരംഭിക്കാനാകും.


