KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ രണ്ട് റെയിൽവെ മേൽപ്പാലങ്ങൾക്ക് കൂടി അനുമതി: കെ.ദാസൻ എം.എൽ.എ

കൊയിലാണ്ടി: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് കിഫ്ബി ബോർഡ് മീറ്റിംഗിൽ കൊയിലാണ്ടി നിയോജക മണ്ഡത്തിലെ രണ്ട് റെയിൽവെ മേൽപ്പാലങ്ങൾക്ക് കൂടി അന്തിമ ധനകാര്യ അംഗീകാരം ലഭിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. കൊല്ലം-നെല്ല്യാടി, പയ്യോളി രണ്ടാം ഗേറ്റ്  എന്നീ മേൽപ്പാലങ്ങൾക്കാണ് അംഗീകാരമായത്. 
ആനക്കുളം മുചുകുന്ന്  മേൽപ്പാലത്തിന് നേരെത്ത തന്നെ അനുമതിയായിരുന്നു.   കൊല്ലം നെല്ല്യാടി മേൽപ്പാലത്തിന് 28 കോടി 39 ലക്ഷം രൂപയാണ് അനുവദിച്ചത്.  ഭൂമിയേറ്റെടുക്കലിൻ്റെ നഷ്ടപരിഹാര തുക കൂടി ഉൾപ്പെടെയാണ് ഇത്.  410 മീറ്ററോളം വരുന്ന പാലത്തിന് 105 സെൻ്റോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്.  28 കോടി 57 ലക്ഷം രൂപയാണ് പയ്യോളി മേൽപ്പാലത്തിന് അനുവദിച്ചത്.  348 മീറ്ററാണ് ആകെ നീളം 108 സെൻ്റ് ഭൂമിയാണ് ഇവിടെ ഏറ്റെടുക്കേണ്ടി വരുന്നത്.  റോഡ്സ് & ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷനാണ് പദ്ധതിയുടെ മേൽനോട്ടവും രൂപകൽപ്പനയും നിർവ്വഹിക്കുന്നത്.  റെയിൽവെ ജി.എ.ഡി (General Agreement Drawings GAD) അപ്രൂവൽ ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാവുമെന്ന് ആർ.ബി.ഡി.സി അറിയിച്ചതായി എം.എൽ.എ പറഞ്ഞു. 
ആനക്കുളം മുചുകുന്ന് മേൽപ്പാലത്തിൻ്റെ അനുമതിക്കായി നേരെത്തെ തന്നെ പദ്ധതി രേഖ റെയിൽവെക്ക്  സമർപ്പിച്ചിരുന്നു.  റെയിൽവെ നിർദ്ദേശിച്ച ചില മാറ്റങ്ങൾ വരുത്തി ഇപ്പോൾ വീണ്ടും അവർക്ക് നൽകി അപ്രൂവലിന് വേണ്ടി കാത്തിരിക്കുകയാണ്.   ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഇപ്പോൾ കിഫ്ബി തന്നെ പ്രത്യേക ലാൻ്റ് അക്വിസിഷൻ  തഹസിൽദാർമാരെ  നിയമിച്ചു വരുന്നുണ്ട്.  ഇതു കൂടാതെ ഇരിങ്ങൽ കോട്ടക്കൽ റെയിൽവെ മേൽപ്പാലത്തിനും കിഫ്ബി വഴി ഭരണാനുമതി ലഭിച്ചിട്ടുണ്ട്.  അന്തിമ ധനകാര്യ അനുമതിക്ക് വേണ്ടി ആയതിന്റെ പദ്ധതി രേഖ അവസാന ഘട്ടത്തിലാണ്.  തിക്കോടി റെയിൽവെ മേൽപ്പാലത്തിനും കഴിഞ്ഞ ബജറ്റിൽ 11 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ നടപടികളും മുന്നോട്ടു നീങ്ങുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *