കൊയിലാണ്ടിയിൽ മണമില്ലാത്ത മാലിന്യ സംസ്കരണ ബിന്നുകള്‍ രംഗത്തിറക്കി

കൊയിലാണ്ടി: ഗാര്‍ഹിക ഉപയോഗത്തിനും ചെറുകിട കച്ചവടക്കാര്‍ക്കും മണമില്ലാ മാലിന്യ സംസ്കരണ യൂണിറ്റ് വികസിപ്പിച്ചെടുത്തു. നഗരസഭയുടെ മാലിന്യ സംസ്കരണ രംഗത്ത് സഹകരിച്ചു വന്നിരുന്ന ജെ.പി.ടെക്ക് ഗാര്‍ഹിക, ചെറുകിട കച്ചവടക്കാര്‍ക്ക് ഉപയോഗിക്കാവുന്ന മണമില്ലാ മാലിന്യ സംസ്കരണ ബിന്നുകളാണ് പുറത്തിറക്കിയത്. വായു സഞ്ചാരം ക്രമപ്പെടുത്തി രൂപകല്പന ചെയ്ത ബിന്നില്‍ 5 കിലോ ചാണകമോ ഇനോക്കുലമോ നിക്ഷേപിച്ച ശേഷം ശരാശരി 120 ദിവസം അടുക്കള മാലിന്യവും ഭക്ഷണ മാലിന്യവും നിക്ഷേപിച്ച് മൂടിവെച്ചാല്‍ രണ്ടാമത്തെ ബിന്‍ നിറയുമ്പോഴേക്കും ആദ്യത്തെ ബിന്നിലെ മാലിന്യം മുഴുവനായും ജൈവ സംപുഷ്ട വളമായി തീരും.
മാലിന്യ സംസ്കരണം നടക്കുമ്പോഴുണ്ടാവുന്ന മാലിന്യ വെള്ളം (റീച്ച്) വേസ്റ്റ് ടാങ്കിനകത്തേക്ക് ഒഴുക്കുവാനുള്ള സംവിധാനവും ഇതിനുണ്ട്. ദുര്‍ഗന്ധമോ ഈച്ച ശല്യമോ ഇല്ലാത്തതിനാല്‍ ബിന്നുകള്‍ വീടിന് പുറത്ത് വെക്കേണ്ടതില്ല. റീച്ച് ലിറ്ററിന് 2 രൂപ നിരക്കില്‍ ജെപി.ടെക്ക് ശേഖരിക്കും. വീടുകള്‍ക്ക് 250 കിലോ ഗ്രാമിന്റെ ബിന്നിന് 4500 രൂപയും കൂള്‍ ബാര്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് 500 കിലോ ഗ്രാമിന്റെ ബിന്നിന് 6000 രൂപയുമാണ് വില.

മാലിന്യ സംസ്കരണ യൂണിറ്റ് നഗരസഭാ കൌൺസിലർ അഡ്വ. കെ.വിജയന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്ത്തകന് പി. കെ. രഘുനാഥിന് നല്കി ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് ജെ.പി. ടെക് സമീപം.

